എ സി ഇറക്കുന്നതിനിടെ അപകടം; ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി
text_fieldsറിയാദ്: റൂമിലെ എ.സി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലയിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) നിര്യാതനായി.
17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസത്തോളം റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ശേഷം ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് ഇദ്ദേഹം മരിച്ചത്. മരണാന്തര നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ബോധരഹിതനായ രോഗിയെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകാഞ്ഞതും സുഹൃത്തുക്കൾ നൽകിയ വിവരങ്ങളിലെ പൊരുത്തക്കേടുകളും സംശയത്തിനിടയാക്കിയതിനാൽ ദറൈയ്യാ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചിരുന്നു. പോലീസെത്തി ഇദ്ദേഹത്തിന്റെ റൂമിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റൂം പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചുവെങ്കിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ മനോഹരൻ്റെ മരണത്തിന് ശേഷം കേസ് ഉള്ളതിനാൽ പേപ്പർ ജോലികൾ രണ്ടാഴ്ചത്തെ കാലതാമസം നേരിട്ടതായി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു. അപകടത്തെ കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴിയായി രേഖപ്പെടുത്തിയത് എ.സി ശരീരത്തിൽ വീണുഎന്നതാണ്. അത്തരത്തിലുള്ള പരിക്കുകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ കാണാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. അപകടത്തെ കുറിച്ച് നൽകുന്ന മൊഴി കൃത്യമായില്ലെങ്കിൽ ഇത്തരത്തിൽ പോലീസ് കേസും, മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും പരമാവധി അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് തന്നെ വിളിക്കാൻ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം ഓർമ്മപ്പെടുത്തി. പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ് മരിച്ച മനോഹരൻ. ഭാര്യ: രമ്യ, മക്കൾ: അശ്വിൻ, അശ്വതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

