സിദ്ധരാമയ്യ അഞ്ചുവർഷവും തുടരും -വീണ്ടും യതീന്ദ്ര
text_fieldsയതീന്ദ്ര സിദ്ധരാമയ്യ
ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പക്ഷത്തെ വീണ്ടും ചൊടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര. പിതാവ് അഞ്ചുവർഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് എം.എൽ.സി കൂടിയായ യതീന്ദ്ര ശനിയാഴ്ച മൈസൂരുവിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. നവംബറിൽ രണ്ടര വർഷം പൂർത്തിയാകുന്നതോടെ മുഖ്യമന്ത്രി പദവിയിൽനിന്ന് സിദ്ധരാമയ്യ ഒഴിയുമെന്നും ഭരണനേതൃത്വം ശിവകുമാറിന് കൈമാറുമെന്നുമുള്ള അഭ്യൂഹം നിലനിൽക്കെയാണ് യതീന്ദ്രയുടെ വിവാദപ്രസ്താവന.
നവംബറിലെ സ്ഥാനമാറ്റം സംബന്ധിച്ച ‘നവംബർ വിപ്ലവം’ എന്ന ആശയം മാധ്യമപ്രവർത്തകരുടെ ഊഹാപോഹങ്ങളാണെന്നും യതീന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസം യതീന്ദ്ര പറഞ്ഞത് പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിലാണെന്നായിരുന്നു. പിതാവിന്റെ പിൻഗാമിയായി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കോളിയെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതോടെ നേതൃമാറ്റം ഉറപ്പാണെന്നും ശിവകുമാറിനെ വെട്ടാനുള്ള നീക്കമാണെന്നും ഡി.കെ. വൃത്തങ്ങൾ വിലയിരുത്തി.
എന്നാൽ, താൻ 2028ലെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശപ്പെടൂ എന്നായിരുന്നു ഇതിന് സതീഷ് ജാർക്കോളിയുടെ മറുപടി. മകൻ പറഞ്ഞത് ആശയപരമായ പിൻഗാമിയെക്കുറിച്ചാണെന്ന് തിരുത്തി സിദ്ധരാമയ്യ രംഗത്തുവരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശിവകുമാറിന് സാധ്യതയില്ലെന്ന തരത്തിൽ യതീന്ദ്ര വീണ്ടും പ്രസ്താവന നടത്തിയത്. പാർട്ടിയിൽ അച്ചടക്കം പ്രധാനമാണെന്നും തനിക്ക് പറയാനുള്ളത് ഉത്തരവാദപ്പെട്ടവരോട് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ശിവകുമാർ യതീന്ദ്രയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
നവംബർ 20നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയിൽ രണ്ടര വർഷം പൂർത്തിയാക്കുന്നത്. ഭരണമേൽക്കുമ്പോൾതന്നെ അവസാന രണ്ടര വർഷം ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് രഹസ്യകരാർ ഉണ്ടായിരുന്നതായാണ് ശിവകുമാറിനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. അഞ്ചുവർഷം താൻ തുടരുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചെങ്കിലും ഹൈകമാൻഡ് പറയുന്നതനുസരിക്കുമെന്നാണ് ശിവകുമാറിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

