പൊതുവിടങ്ങളിലെ പരിപാടികൾക്ക് നിയന്ത്രണം: ഉത്തരവിന് സ്റ്റേ; കർണാടക സർക്കാറിന് തിരിച്ചടി
text_fieldsഹൈകോടതി
ബംഗളൂരു: ആർ.എസ്.എസ് അടക്കം സംഘടനകൾ പൊതുവിടങ്ങളിൽ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കാനുള്ള കർണാടക സർക്കാറിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. പ്രഥമദൃഷ്ട്യാ, ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമെന്ന് നിരീക്ഷിച്ച ഹൈകോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. പൊതു ഇടങ്ങളിൽ പരിപാടികൾ നടത്തുന്നതിന് സ്വകാര്യ സംഘടനകൾ മൂന്നുദിവസം മുമ്പ് അനുമതി വാങ്ങണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് പുനശ്ചേതന സേവ സമസ്തെയാണ് കോടതിയെ സമീപിച്ചത്.
ഹരജിക്കാരുടെ വാദം കേട്ട എം. നാഗപ്രസന്നയുടെ സിംഗിൾബെഞ്ച് സർക്കാറിന് മറുപടി നൽകാൻ സമയം അനുവദിച്ചു. കേസ് നവംബർ 17ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സർക്കാർ സ്കൂളുകളിലും റോഡുകളിലുമടക്കം പൊതുഇടങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘടനയുടെയും പേര് പരാമർശിക്കാതെ സർക്കാർ ഒക്ടോബർ 18ന് ഉത്തരവിറക്കിയത്.
ഇതുപ്രകാരം തൊട്ടടുത്ത ദിവസം ചിറ്റാപൂർ മണ്ഡലത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. ഉത്തരവനുസരിച്ച് 10ലധികം പേർ ഒന്നിച്ചുകൂടുന്നത് കുറ്റകരമാണ്. ഇതാണ് കോടതിയിൽ ഹരജിക്കാരന്റെ അഭിഭാഷകൻ അശോക് ഹരൻഹള്ളി ചോദ്യം ചെയ്തത്. സമാധാനപരമായി ഒത്തുചേരാനും പൊതുസമ്മേളനങ്ങൾ നടത്താനും പ്രകടനങ്ങൾ സംഘടിപ്പിക്കാനും പൗരന്മാർക്ക് അവകാശം നൽകുന്ന ആർട്ടിക്കിൾ 19 (ഒന്ന്)(ബി) യുടെ ലംഘനമാണ് ഉത്തരവെന്ന് അഭിഭാഷകൻ പറഞ്ഞു.
ചിരി ക്ലബുകളോ നടത്തക്കാരുടെ കൂട്ടായ്മയോ ഒത്തുചേരുന്നത് എങ്ങനെ കുറ്റകരമാവും? പൊതുഇടങ്ങളുടെ അധികാരം അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നിരിക്കെ ഒത്തുചേരലുകൾ വിലക്കാൻ സർക്കാറിന് അധികാരമില്ലെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കോടതി സർക്കാറിന് എന്താണ് പറയാനുള്ളതെന്ന് ആരാഞ്ഞത്.
ഗവ. കോൺസൽ ഒരു ദിവസത്തെ സമയം ചോദിച്ചു. ഉത്തരവ് പ്രാബല്യത്തിൽ തുടർന്നാൽ ‘പൗരന്മാരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ ഒരു സംസ്ഥാനത്തിനും അനുവാദമില്ല’ എന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 13(2) ന്റെ ലംഘനമാവുമെന്ന് കോടതി വിലയിരുത്തി. പൗരന്മാർക്ക് സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുകൂടാനും അവകാശം നൽകുന്ന ആർട്ടിക്കിൾ 19 (1) (എ) (ബി)യെ ഇല്ലാതാക്കുകയാണെന്നും നിരീക്ഷിച്ചാണ് ഉത്തരവ് നവംബർ 17 വരെ സ്റ്റേ ചെയ്തത്.
സംസ്ഥാനത്തെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്കയച്ച കത്താണ് പുതിയ ഉത്തരവിന് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

