ലാൽബാഗിലെ ഇരട്ടത്തുരങ്ക റോഡ് നിർമാണം; മരങ്ങൾ മുറിക്കില്ല -കർണാടക സർക്കാർ
text_fieldsബംഗളൂരു: ലാൽബാഗിൽ ഇരട്ടത്തുരങ്ക റോഡ് നിർമാണത്തിന് മരങ്ങൾ മുറിക്കില്ലെന്ന് കർണാടക സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇരട്ടത്തുരങ്ക പദ്ധതിക്കായി ലാൽബാഗിലെ മരങ്ങൾ മുറിക്കാൻ പദ്ധതിയുണ്ടോയെന്ന് അറിയിക്കാൻ കർണാടക സർക്കാറിനോട് ഹൈകോടതി നിർദേശിച്ചിരുന്നു.
ഡോ. ആദികേശവലു രവീന്ദ്ര, പ്രകാശ് ബെലവാടി എന്നിവർ സമർപ്പിച്ച പൊതു താൽപര്യ ഹരജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. പൂനാച്ച എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാറിനോട് ആരാഞ്ഞത്.
മരങ്ങൾ മുറിക്കുന്നില്ലെന്നും അതിനായി ഉത്തരവോ ഇടക്കാല ഉത്തരവോ പുറപ്പെടുവിക്കേണ്ടതില്ല എന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചു. ബംഗളൂരുവിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമായി ഹെബ്ബാളിൽനിന്ന് സിൽക്ക് ബോർഡിലേക്ക് ഏകദേശം 19,000 കോടി രൂപ ചെലവിൽ ഭൂഗർഭ റോഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നു.
ലാൽബാഗിലൂടെ കടന്നുപോകുന്ന റോഡിന്റെ നിർമാണത്തിന് മരങ്ങൾ മുറിച്ചുമാറ്റണമെന്ന നിർദേശം വന്നതിനെത്തുടർന്ന് നിരവധി സംഘടനകൾ എതിർപ്പുമായി മുന്നോട്ടുവന്നിരുന്നു. തീരുമാനത്തിനെതിരെ കോടതിയിൽ ഹരജി സമർപ്പിക്കുകയും ചെയ്തു. ജൂലൈയിൽ പുറപ്പെടുവിച്ച ഇരട്ടത്തുരങ്ക പദ്ധതിയുടെ ടെൻഡർ വിജ്ഞാപനവും വിശദ പദ്ധതി റിപ്പോർട്ടും പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് പറയുന്ന സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയുടെ 2024ലെ കത്തും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

