നിയമസഭയിൽ ഗണഗീതം പാടിയതിൽ ഡി.കെ. ശിവകുമാർ മാപ്പുപറഞ്ഞു
text_fieldsബംഗളൂരു: കർണാടക നിയമസഭയിൽ ആർ.എസ്.എസിന്റെ പ്രാർഥനാഗീതം പാടിയ സംഭവത്തിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പരസ്യമായി മാപ്പുപറഞ്ഞു. നിയമസഭയിലുണ്ടായ തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുപറയുന്നതായി അദ്ദേഹം ചൊവ്വാഴ്ച ബംഗളൂരുവിൽ പറഞ്ഞു. വിഷയത്തിൽ തന്നോട് ഇതുവരെ ഹൈകമാൻഡ് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഡി.കെ. ശിവകുമാർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് മുൻ എം.പി ബി.കെ. ഹരിപ്രസാദ് എം.എൽ.സി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. പരസ്യവിമർശനമേറ്റതിന് പിന്നാലെയാണ് ശിവകുമാർ മാപ്പുപറഞ്ഞത്.
‘‘ഞാൻ ആരെക്കാളും വലുതല്ല. എല്ലാവർക്കും വേണ്ടിയാണ് എന്റെ ജീവിതം. എല്ലാവർക്കൊപ്പവും അവരുടെ പ്രതിസന്ധിഘട്ടങ്ങളിൽ ഞാൻ നിന്നിട്ടുണ്ട്. കോൺഗ്രസിന്റെ അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ മാപ്പാണ് ആവശ്യപ്പെടുന്നതെങ്കിൽ ഞാൻ പറയാൻ തയാറാണ്. എനിക്ക് തെറ്റുപറ്റിയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഞാൻ മാപ്പുപറയുന്നു’’ -ശിവകുമാർ പറഞ്ഞു.
ആഗസ്റ്റ് 21ന് നിയമസഭയുടെ വർഷകാല സമ്മേളനത്തിലായിരുന്നു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം സംബന്ധിച്ച ചർച്ചക്കിടെ ശിവകുമാർ ആർ.എസ്.എസ് ഗണഗീതം പാടിയത്. ഉപമുഖ്യമന്ത്രി എന്ന നിലയിൽ ഗണഗീതം പാടുന്നതിൽ തെറ്റില്ലെന്നും എന്നാൽ, കെ.പി.സി.സി അധ്യക്ഷനെന്ന നിലയിലാണ് അത് പാടിയതെങ്കിൽ അദ്ദേഹം മാപ്പുപറയണമെന്നുമായിരുന്നു ബി.കെ. ഹരിപ്രസാദിന്റെ പ്രസ്താവന. മഹാത്മാ ഗാന്ധിയെ കൊന്ന സംഘടനയുടെ ഗീതം പാടുന്നത് ശരിയല്ലെന്നും ആർ.എസ്.എസുമായി ബന്ധമുള്ള ഒരു പാർട്ടിയുമായും കോൺഗ്രസ് ഒരിക്കലും ചേർന്നുപ്രവർത്തിക്കില്ലെന്നും ഹരിപ്രസാദ് വ്യക്തമാക്കിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

