ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ബംഗളൂരുവിന് 18,000 കോടി
text_fieldsബംഗളൂരു: 110 കി.മീറ്റർ എലിവേറ്റഡ് ഇടനാഴി പദ്ധതി വരുന്നതോടെ ബംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വലിയ മാറ്റം വരുമെന്ന് പ്രതീക്ഷ. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ സാങ്കേതിക ഉപദേശക സമിതി ഇതുമായി ബന്ധപ്പെട്ട വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കി. പദ്ധതി നടപ്പിൽ വരുത്തുന്നതിന് സ്ഥലമേറ്റെടുക്കലിന് 3,000 കോടി ഉൾപ്പെടെ മൊത്തം ചെലവ് 18,000 കോടിയോളം വരും. പദ്ധതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക അനുമതിക്ക് കാത്തിരിക്കുകയാണെന്നും സെപ്റ്റംബർ 25ന് പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജി.ബി.എ അധികൃതർ അറിയിച്ചു.
അംഗീകാരം ലഭിച്ചാൽ ഡിസംബറോടെ നിർമാണം ആരംഭിക്കും. 25 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപ്പാതയിൽ ആവശ്യമായ ഇടങ്ങളിൽ പ്രവേശന പോയന്റ്, എക്സിറ്റ് പോയന്റ് എന്നിവ ഒരുക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിന് (പി.പി.പി) കീഴിൽ നിർമിക്കുന്ന പദ്ധതി ബംഗളൂരു -മൈസൂരു എക്സ്പ്രസ് വേയുടെ മാതൃകയിൽ ടോൾ സംവിധാനത്തിൽ പ്രവർത്തിക്കുന്നതായിരിക്കും. ഒരു വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. ഉന്നത നിലവാരമുള്ള കോൺക്രീറ്റ് സാങ്കേതികവിദ്യയാണ് നിർമാണത്തിന് ഉപയോഗപ്പെടുത്തുക. ബംഗളൂരുവിന് പുറത്തുള്ള വിമാനത്താവളം അടക്കമുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും യാത്രാ സമയം കുറക്കാനും എലിവേറ്റഡ് ഇടനാഴി വഴിതെളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

