മൂന്ന് തലമുറകളുടെ ശേഖരം; രവിക്കായി ബെറ്റിയുടെ ‘പ്രണയകുടീരം’
text_fieldsആലപ്പുഴ: കോടികൾ വിലമതിക്കുന്ന മൂന്ന് തലമുറകളുടെ ശേഖരവുമായി ഭർത്താവിന്റെ ഓർമക്കായി രവി കരുണാകരൻ സ്മാരക മ്യൂസിയം ഒരുക്കിയത് ബെറ്റി കരൺ ആയിരുന്നു. 2006ലാണ് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ മ്യൂസിയം കൂടിയായ ഇത് പ്രവർത്തനം തുടങ്ങിയത്. ഭർത്താവ് രവി കരുണാകരന്റെ വിയോഗം സൃഷ്ടിച്ച വേദന മറക്കാൻ പ്രണയകുടീരമായാണ് ഭാര്യ ബെറ്റി മ്യൂസിയം ഒരുക്കിയത്. 2003ലായിരുന്നു ഭർത്താവ് രവിയുടെ വിയോഗം.
പ്രധാന കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമടക്കം ഇരുനിലകെട്ടിടം 48,000 ചതുരശ്ര അടി വിസ്തീർണത്തിലാണ്. ബെറ്റിയുടെ 18ാം വയസ്സിലായിരുന്നു ആലപ്പുഴയിലെ ബിസിനസുകാരനായ രവി കരുണാകരനുമായുള്ള വിവാഹം. ഭർത്താവ് ബിസിനസ് ആവശ്യത്തിന് നടത്തിയ യാത്രകളിൽ ശേഖരിച്ചവയാണ് മ്യുസിയത്തിലുള്ളത്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ പ്രിയ പത്നി മുംതാസിന്റെ ഓർമക്കായി പണികഴിപ്പിച്ച താജ്മഹലിന്റെ മാതൃകയിൽ തന്നെയാണ് സ്മാരകവും നിർമിച്ചത്. രവി കരുണാകരന്റെ ഭാര്യയായത് മുതൽ ബെറ്റിക്ക് വിദേശസഞ്ചാരം പതിവായിരുന്നു. എവിടെയായാലും ആദ്യം സന്ദർശിക്കുക മ്യൂസിയങ്ങളാണ്.
140 രാജ്യങ്ങൾ സന്ദർശിച്ചു. ഓരോ യാത്രയിലും തിരികെയെത്തുന്നത് വിശിഷ്ട വസ്തുക്കളുമായാണ്. മ്യൂസിയം ഒരുക്കാൻ മകൾ ലുല്ലുവും കൂടെനിന്നു. തിങ്കളാഴ്ച ഒഴികെ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. എട്ട് രൂപയുടെ ബൗൾ മുതൽ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ വരെ ഇവിടെ കാണാം. അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ 1947 മോഡൽ ബ്യൂക്ക് കാറും അപൂർവ കാഴ്ച വിരുന്നാണ്. ഒരുകാലത്ത് ലോകരാഷ്ട്രങ്ങളിൽ ഭരണത്തലവൻമാരുടെ പ്രൗഢിയുടെ അടയാളമായിരുന്നു ബ്യൂക്ക്. ഇറ്റലിയിലെ വെനീസിൽ നിന്നുമെത്തിച്ച ക്രിസ്റ്റൽ കലക്ഷനുകളുമുണ്ട്.
യൂറോപ്യൻ കമ്പനികളുടെ കുത്തകയായിരുന്ന കാലത്ത് കയർ ഉൽപന്ന കയറ്റുമതിയിൽ ആദ്യം കൈവെച്ച ഇന്ത്യക്കാരനാണ് രവിയുടെ മുത്തച്ഛൻ കൃഷ്ണൻ മുതലാളി. അദ്ദേഹം ശേഖരിച്ച ആനക്കൊമ്പ് ശിൽപങ്ങളും തഞ്ചാവൂർ പെയന്റിങുകളും ഇവിടെയുണ്ട്. കൃഷ്ണൻ മുതലാളിയുടെ മകൻ കെ.സി.കരുണാകരൻ യു.കെയിലെ ബെർമിങ്ഹാം യൂനിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം വിവാഹം കഴിച്ചത് ജർമൻ സ്വദേശി മാർഗരറ്റിനെയാണ്. ബെറ്റി കരൺ താമസിച്ച മ്യൂസിയത്തോട് ചേർന്നുള്ള വീടിന് 123 വർഷം പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

