പ്രവാസലോകത്ത് ഒറ്റപ്പെട്ട കൃഷ്ണൻ മകനൊപ്പം വീട്ടിലേക്ക്
text_fieldsകൃഷ്ണൻ മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നു
കോതമംഗലം: പ്രവാസ ലോകത്ത് രോഗബാധിതനായി ഒറ്റപ്പെട്ട കൃഷ്ണൻ കുടുംബത്തിനൊപ്പം ചേർന്നു. മസ്കത്തിൽ ഏപ്രിൽ 25ന് വഴിയരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കൃഷ്ണനെ മസ്കത്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ദീർഘനാളത്തെ ചികിത്സക്കുശേഷം ബോധം തിരികെ കിട്ടിയ കൃഷ്ണന് ഭാഗികമായി ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു.
ആശുപത്രിയിൽ ആരും അന്വേഷിച്ചെത്താത്തതിനാൽ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ രേഖകൾ മുഖേന മസ്കത്ത് പൊലീസ് ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയും തുടർന്ന് കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തെങ്കിലും സാമ്പത്തിക പരാധീനതയും മറ്റ് കാരണങ്ങളാലും കൃഷ്ണനെ ഏറ്റെടുക്കാൻ കുടുംബം മുന്നോട്ടുവന്നില്ല.
തുടർന്ന്, മസ്കത്തിൽ ഒറ്റപ്പെട്ട കൃഷ്ണനെ പീസ് വാലി മസ്കത്ത് ചാപ്റ്റർ പ്രവർത്തകർ ഏറ്റെടുക്കുകയും ഇന്ത്യൻ എംബസി മുഖേന എറണാകുളം കലക്ടറെ ബന്ധപ്പെട്ട് പീസ് വാലിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സെപ്റ്റംബർ 13നാണ് എംബസി പ്രതിനിധിയോടൊപ്പം നെടുമ്പാശ്ശേരിയിൽ കൃഷ്ണനെ എത്തിച്ചത്.
കൃഷ്ണന്റെ കുടുംബവുമായി പീസ് വാലി അധികൃതർ നടത്തിയ നിരന്തര ഇടപെടലുകളിലൂടെ കൃഷ്ണനെ സ്വീകരിക്കാൻ കുടുംബം തയാറാവുകയും ജില്ല കലക്ടർ ജി. പ്രിയങ്കയുടെ ഉത്തരവോടെ മകൻ ലാൽകൃഷ്ണൻ തിങ്കളാഴ്ച പീസ് വാലിയിൽ എത്തി കൃഷ്ണനെ ഏറ്റെടുത്ത് നാട്ടിലേക്ക് മടങ്ങുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

