പൊലീസുകാരെ പിരിച്ചുവിടുമോ? സൂചന നൽകി സി.പി.എം നേതാക്കൾ
text_fieldsകണ്ണൂർ: കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനുണ്ടായ കസ്റ്റഡി മർദനത്തിൽ ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടുമെന്ന സൂചന നൽകി സി.പി.എം നേതാക്കൾ. കുന്നംകുളത്തെ കസ്റ്റഡി മർദനത്തിൽ സസ്പെൻഷൻ ആദ്യപടി മാത്രമാണെന്നും അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെ കടുത്ത നടപടിയുണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ പറഞ്ഞു.
ഇടതുസർക്കാറിന്റെ കാലത്ത് 114 പൊലീസുകാരെ പിരിച്ചുവിട്ടെന്നും കുന്നംകുളം സംഭവത്തിലും ചട്ടവും നിയമവും പാലിച്ച് കൂടുതൽ നടപടിയുണ്ടാകുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനും പറഞ്ഞു. ചടയൻ ഗോവിന്ദൻ ചരമദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കസ്റ്റഡി മർദനത്തിൽ കൃത്യമായ നിലപാടാണ് പാർട്ടിക്കുള്ളത്. ഒട്ടേറെ സി.പി.എം നേതാക്കൾ പൊലീസ് മർദനത്തിന് ഇരയായിട്ടുണ്ട്. കോൺഗ്രസുകാർ വിളിച്ചുപറയുന്നതുപോലെ പിരിച്ചുവിടാൻ ആകില്ല. കമ്യൂണിസ്റ്റ് സർക്കാറിന്റെ നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ചില പൊലീസുകാരുണ്ട്. അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയുമത് തുടരുമെന്നും ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് സർക്കാറിന്റെ കാലത്തെ കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ഇടതുസർക്കാറാണ് നടപടിയെടുത്തതെന്നും കുന്നംകുളം സംഭവത്തിൽ പിരിച്ചുവിടൽ നടപടിയുണ്ടാകുമെന്നും എം.വി. ജയരാജൻ പിന്നീട് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനകം നാലുപേരെ സസ്പെൻഡ് ചെയ്തു കഴിഞ്ഞു. വകുപ്പുതല അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് കിട്ടുന്നതിന് അനുസരിച്ചായിരിക്കും കൂടുതൽ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

