സംഘ്പരിവാർ സംഘടിപ്പിച്ച ശബരിമല സംഗമത്തെ പുകഴ്ത്തി വെള്ളാപ്പള്ളി: ‘ഹിന്ദു ഐക്യവേദി കേരളത്തിൽ വേരില്ലാത്ത സംഘടനയല്ല, കുറഞ്ഞ സമയം കൊണ്ട് നല്ല സമ്മേളനം സംഘടിപ്പിച്ചു’
text_fieldsആലപ്പുഴ: ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘ്പരിവാർ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തെ പുകഴ്ത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെയും എൽ.ഡി.എഫിനെയും പുകഴ്ത്തിയതിന് പിന്നാലെയാണ് സംഘ്പരിവാറിനെയും ഹിന്ദുഐക്യവേദിയെയും പ്രശംസിച്ച് വെള്ളാപ്പള്ളി രംഗത്തുവന്നത്.
സർക്കാർ മിഷിനറിയോ പിന്തുണയോ ഇല്ലാതെ പന്തളത്ത് കുറഞ്ഞ സമയംകൊണ്ട് ഹിന്ദു ഐക്യവേദിക്ക് നല്ല രീതിയിൽ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിക്കാൻ സാധിച്ചതായി വെള്ളാപ്പള്ളി പറഞ്ഞു. ‘പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം കൊള്ളാം. കാരണം ഒന്നും മോശമായിരുന്നില്ല. ഹിന്ദു ഐക്യവേദി കേരളത്തിൽ വേരില്ലാത്ത സംഘടനയല്ല. കുറഞ്ഞ സമയം കൊണ്ട് നല്ല ഒരു സമ്മേളനം സംഘടിപ്പിച്ചു. ഒരുപാട് നാളത്തെ തയാറെടുപ്പൊന്നും ഉണ്ടായിരുന്നില്ല. അവർക്ക് ശക്തമായ സംഘടനയുണ്ട് ഇവിടെ. ആർ.എസ്.എസ്-ബി.ജെ.പി അടക്കമുള്ള എല്ലാവരും അതിന്റെ പിറകിലുണ്ട്. അവർ പന്തളം കൊട്ടാരത്തിന് സമീപം നടത്തിയ പരിപാടിയിൽ ആൾക്കൂട്ടം പന്തൽ മുഴുവൻ നിറഞ്ഞ് കവിഞ്ഞിരുന്നു. ആ പന്തലും ഈ പന്തലും തമ്മിൽ ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇത് ചെറുതും അത് വലുതുമാണ്. സമ്മേളനം ഗംഭീരമായിരുന്നു. സർക്കാർ മെഷിനറിയൊന്നുമില്ലാതെ ഹിന്ദു ഐക്യവേദിക്ക് ഇത്രയും ആളുകളെ അവിടെ സമ്മേളിപ്പിക്കാൻ സാധിച്ചുവെങ്കിൽ ആ പരിപാടി വിജയിച്ചു എന്നുതന്നെ പറയാം’ -കണിച്ചുകുളങ്ങരയിൽ ജനം ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞദിവസം ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ കാറിലാണ് വെള്ളാപ്പള്ളി എത്തിയിരുന്നത്. സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പിണറായി വിജയനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും പിണറായി അയ്യപ്പ ഭക്തനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘അദ്ദേഹത്തെ ഞാനും എന്നെ അദ്ദേഹവും മുമ്പ് പൊക്കിക്കൊണ്ട് നടന്നിട്ടുണ്ട്. അടുത്ത തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വേറെയാരും മുഖ്യമന്ത്രിയാക്കിയിട്ട് കാര്യമില്ല. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാൻ യോഗ്യന്മാരുണ്ടായിരിക്കാം, പക്ഷേ, കൊണ്ട് നടക്കാനുള്ള നേതൃഗുണം പിണറായിക്ക് മാത്രമാണുള്ളത്. എല്ലാത്തിനേയും മെരുക്കിക്കൊണ്ട് പോകാനുള്ള ശക്തി പിണറായിക്കുള്ളത് പോലെ മറ്റാര്‍ക്കുമില്ല. അപ്പുറത്ത് യു.ഡി.എഫില്‍ തമ്മിലടിയാണ്. അവർ അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പണ്ട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ട് തവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ. ഇവര്‍ക്കൊക്കെ മനസ്സില്‍ ഭക്തിയുണ്ട്. അയ്യപ്പനെ ഇന്ന് അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേ’ - വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

