മൂന്നുതവണയിലധികം മത്സരിക്കുന്നത് വിലക്കിയ സഹകരണ നിയമഭേദഗതി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: മൂന്നുതവണ തുടർച്ചയായി സഹകരണസംഘം ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ വീണ്ടും മത്സരിക്കുന്നത് വിലക്കുന്ന സഹകരണ നിയമഭേദഗതി ഹൈകോടതി റദ്ദാക്കി. ഭേദഗതി ഭരണഘടനക്കും നിയമത്തിനും ജനാധിപത്യ തത്ത്വങ്ങൾക്കും വിരുദ്ധവുമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
അതേസമയം, 2024 ജൂണ്‍ ഏഴിന് നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതോടെ പ്രാബല്യത്തിൽവന്ന നിയമത്തിലെ മറ്റ് ഭേദഗതികൾ സിംഗിൾബെഞ്ച് ശരിവെച്ചു. ഭേദഗതികളിൽ ചിലത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സഹകരണ സംഘം ഭരണസമിതി ഭാരവാഹികളടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. കൂട്ടിച്ചേര്‍ത്തതും പരിഷ്കരിച്ചതുമായ 57 വ്യവസ്ഥകൾ പുതുതായി കൊണ്ടുവന്നാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്.
ഭരണസമിതിയിലേക്ക് മത്സരിക്കുന്നത് നിയന്ത്രിക്കാൻ സർക്കാറിന് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതര സ്ഥാപനങ്ങൾക്ക് വിലക്ക്, നിലവിലുള്ളവ സർക്കാറിന് ഓഹരി നൽകൽ, സംഘം ലാഭ വിഹിതത്തിൽനിന്ന് രണ്ട് ശതമാനം പ്രഫഷനൽ വിദ്യാഭ്യാസ ഫണ്ടായി സർക്കാറിന് നൽകൽ തുടങ്ങിയ ചില ഭേദഗതികളും ചോദ്യംചെയ്തിരുന്നു.
സംഘങ്ങളുടെ എണ്ണവും നിക്ഷേപവും വലിയ തോതിൽ വർധിച്ചതോടെ സഹകരണ മേഖലയിൽ ആശാസ്യകരമല്ലാത്ത ചില പ്രവർത്തനങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നായിരുന്നു സർക്കാറിന്റെ വാദം. എന്നാൽ, തുടർച്ചയായി അധികാര സ്ഥാനത്തിരിക്കുന്നത് ദുരുദ്ദേശ്യപരമായ താൽപര്യങ്ങൾക്ക് കാരണമാകാമെന്ന സർക്കാറിന്റെ നിഗമനത്തിന്റെ പേരിലായാലും മത്സരിക്കുന്നത് നിയന്ത്രിക്കുന്ന ഭേദഗതി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
ഭരണസമിതി അംഗങ്ങളിൽ വ്യക്തിതാൽപര്യങ്ങൾ ഉയർന്നാൽ, സംഘത്തിന്റെ പൊതുയോഗവും അംഗങ്ങളുമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പൊതുയോഗത്തിന് തോന്നിയാൽ സൊസൈറ്റിയുടെ ബൈലോയിൽ ഉചിതമായ വ്യവസ്ഥ ചേർക്കാമെന്നും കോടതി വ്യക്തമാക്കി. സർക്കാർ നിയന്ത്രണം സ്വയംഭരണാവകാശത്തിലേക്കും പൊതുയോഗത്തിന്റെ അധികാരത്തിലുമുള്ള കൈകടത്തലാവും.
മികച്ച വ്യക്തികളെ തെരഞ്ഞെടുക്കാനുള്ള അംഗങ്ങളുടെ അവകാശത്തെ ഹനിക്കുകയും ചെയ്യുന്നു.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ തദ്ദേശസ്ഥാപനങ്ങളിലേക്കോ പോലും ഇത്തരമൊരു നിയന്ത്രണമില്ല. എന്നിരിക്കെ ഈ വ്യവസ്ഥ ക്രെഡിറ്റ് സൊസൈറ്റികൾക്ക് മാത്രം ബാധകമാക്കിയത് സ്വേച്ഛാപരവും വിവേചനപരവുമാണെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

