ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണന് പോറ്റി ഒരുമാസം കൈവശം വെച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ സ്വര്‍ണം പൂശാനായി ചെന്നൈയിലെത്തിച്ച ശേഷം അഴിച്ചെടുത്തത് ഒരു മാസത്തിനു ശേഷമെന്ന് വെളിപ്പെടുത്തല്‍. ഒരു മാസത്തോളം ഉണ്ണികൃഷ്ണൻ പോറ്റി പാളികൾ കൈവശം വെച്ചിരുന്നതായി മുൻ തിരുവാഭരണ കമീഷണർ ആർ.ജി.രാധാകൃഷ്ണൻ പറഞ്ഞു.
ക്ഷേത്ര പരിസരത്തുവെച്ചുമാത്രമേ, അറ്റകുറ്റപ്പണികൾ പാടുള്ളൂവെന്ന നിയമം കാറ്റിൽ പറത്തിയാണ് അന്നത്തെ ദേവസ്വം ബോർഡ് ഭരണസമിതി, ഉണ്ണികൃഷ്ണന്റെ കൈവശം ഇവ കൊടുക്കണമെന്ന് ഉത്തരവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. താൻ ചുമതലയേറ്റ ശേഷം നടന്ന സ്വർണം പൂശലിന്റെ വിശദവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ദേവസ്വം വിജിലൻസിനെ അറിയിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
താൻ ചുമതലയേൽക്കുന്നതിന് ഒരു മാസം മുമ്പാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയിൽ ദ്വാരപാലക ശിൽപത്തിന് സ്വർണം പൂശുന്നതിന് ബോർഡ് അനുവാദം കൊടുത്തത്. ഈ ഉത്തരവിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പ് പാളികൾ ഇളക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഏൽപ്പിക്കണമെന്നും സ്വർണം പൂശുന്ന സമയത്ത് തിരുവാഭരണം കമീഷണറുടെ സാന്നിധ്യമുണ്ടായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
ചെമ്പ് പാളികളാണ് അന്ന് കൊണ്ടുപോയത്. അന്നത്തെ രേഖകളിൽ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണം പൂശാനുള്ള പരിശോധനയിലും ചെമ്പാണെന്ന് തെളിഞ്ഞിരുന്നു- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2019 ആഗസ്റ്റിലാണ് ആർ.ജി രാധാകൃഷ്ണൻ തിരുവാഭരണം കമീഷണറായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

