മുസ്‌ലിം വീടുകളിൽ 'സുപ്രഭാതം' ദിനപത്രം വരുത്തണമെന്ന് ഉമർ ഫൈസി; മുസ്‌ലിംകളുടെ മാത്രമല്ല, എല്ലാ വീടുകളിലും എത്തേണ്ട പൊതു പത്രമാണെന്ന് ജിഫ്രി തങ്ങൾ
text_fieldsകോഴിക്കോട്: മുസ്‌ലിം വീടുകളിൽ 'സുപ്രഭാതം' ദിനപത്രം വരുത്തണമെന്ന് നിർദേശിച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ തിരുത്തി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷൻ പണ്ഡിത പ്രതിഭാ പുരസ്കാര സമർപ്പണ ചടങ്ങിലാണ് പ്രസ്താവനയും തിരുത്തുമുണ്ടായത്.
'സമസ്തക്ക് ഇന്നൊരു പത്രമുണ്ട്. 'സുപ്രഭാതം'. നിഷ്പക്ഷമായും സത്യസന്ധമായും കാര്യങ്ങൾ അവതരിപ്പിക്കുന്ന പത്രമാണ്. എതിർപ്പുകളൊക്കെ ഉണ്ടാകാം. അതൊന്നും കണക്കിലെടുക്കരുത്. അതിന്റെ ലക്ഷ്യവും ഉത്ഭവവും ദീനിനെ ശക്തിപ്പെടുത്താനുള്ളതാണ്. പല പത്രങ്ങളും നമ്മൾ വരുത്തും വായിക്കും. അതിനേക്കാൾ ഉപരി നമ്മുടെ മുസ്‌ലിം വീടുകളിൽ നമ്മുടെ പത്രവും ഉണ്ടായിരിക്കണം' എന്നാണ് ഉമർ ഫൈസി പ്രസംഗത്തിനിടെ പറഞ്ഞത്.
എന്നാല്‍, ഉമർ ഫൈസി പറഞ്ഞത് പോലെ നമ്മുടെ വീടുകളിൽ മാത്രം ഉണ്ടാവേണ്ട പത്രമല്ല 'സുപ്രഭാതം' എന്നും എല്ലാവരുടെയും വീടുകളിൽ ഉണ്ടാവേണ്ട ഒരു പത്രമാകണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുസ്‌ലിംകളുടെ പത്രമല്ല, എല്ലാവരുടേതുമാണ്. എല്ലാ വിധ വാർത്തകളും എല്ലാ ജനവിഭാഗങ്ങളേയും പരിഗണിക്കുന്ന പത്രമാകാണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അതോടപ്പം തന്നെ, സമസ്തയോടും ദീനിനോടും ബന്ധപ്പെട്ട കാര്യങ്ങൾക്ക് പത്രത്തിൽ മുൻഗണന ഉണ്ടായിരിക്കുമെന്നും പത്രത്തിന് എതിർപ്പുകൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പ്രസംഗ വിവാദം: ബഹാഉദ്ദീൻ നദ്വിയെ തള്ളി ജിഫ്രി തങ്ങൾ
കോഴിക്കോട്: സമസ്ത മുശാവറ അംഗവും പണ്ഡിതനുമായ ഡോ. ബഹാഉദ്ദീൻ നദ്വിയുടെ പ്രസംഗ വിവാദത്തിൽ നദ്വിയെ തള്ളി സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങൾ. ബഹാഉദ്ദീൻ നദ്വി പറഞ്ഞത് സമസ്തയുടെ നയമല്ലെന്ന് ജിഫ്രി തങ്ങൾ മുശാവറ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. സ്വകാര്യ ജീവിതത്തിലെ ദോഷങ്ങൾ പരിശോധിക്കലല്ല സമസ്തയുടെ ജോലി. അത് സമസ്തയുടെ നയവുമല്ല. അക്കാര്യം സമസ്ത ചർച്ചചെയ്യേണ്ട കാര്യവുമില്ല. സ്വകാര്യ ജീവിതത്തിൽ പാളിനോക്കൽ ഞങ്ങളുടെ പണിയല്ല. അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ അതുപറഞ്ഞ ബഹാഉദ്ദീൻ നദ്വിയോടാണ് ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

