കേരളത്തിൽ താമര ‘വിരിയില്ല’; സർവേകളിൽ അങ്കലാപ്പിലായി ബി.ജെ.പി
text_fieldsകോട്ടയം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തിൽ താമര ‘വിരിയില്ല’ എന്ന പാർട്ടിയുടെയും ചില മാധ്യമങ്ങളുടെയും സർവേകളിൽ അങ്കലാപ്പിലായി ബി.ജെ.പി നേതൃത്വം. കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ മത്സരിപ്പിച്ച് ഒരു സീറ്റെങ്കിലും നേടാനാകുമോയെന്ന തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ദേശീയ നേതൃത്വം. ബി.ജെ.പി നേതൃത്വവും ചില മാധ്യമങ്ങളും നടത്തിയ സർവേകളിൽ കേരളത്തിലെ 20 സീറ്റിൽ ഒന്നിൽ പോലും പാർട്ടിക്ക് ഇക്കുറിയും വിജയസാധ്യതയില്ലെന്നാണ് കണ്ടെത്തൽ. സുരേഷ്ഗോപിക്ക് വിജയസാധ്യത കൽപിക്കുന്നുണ്ടെങ്കിലും ഇടത്-വലത് മുന്നണികൾ ഒരുമിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന വിലയിരുത്തലുമുണ്ട്.
കേരളത്തിൽ എന്തുകൊണ്ട് ബി.ജെ.പിക്ക് വിജയിക്കാൻ സാധിക്കുന്നില്ലെന്നതാണ് ദേശീയ നേതൃത്വത്തെ കുഴക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകൾക്കുപുറമെ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്ന വിലയിരുത്തലാണുള്ളത്. ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാനാകാത്തതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങൾ നടക്കുന്നെങ്കിലും വിജയിക്കുന്നില്ല. മുസ്ലിം സമുദായം ബി.ജെ.പിയെ വിശ്വാസത്തിലെടുക്കുന്നില്ല. മണിപ്പൂരിലെ സംഘർഷം കേരളത്തിലെ ക്രിസ്ത്യാനികളെ സ്വാധീനിക്കുമെന്ന വിലയിരുത്തലുമുണ്ട്. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയനേതാവുമായ അൽഫോൻസ് കണ്ണന്താനവും അക്കാര്യം സമ്മതിക്കുന്നു. ഇക്കുറി കേരളത്തിൽ മത്സരിക്കാൻപോലുമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ അതാണ് വ്യക്തമാക്കുന്നത്. കേരളത്തിൽ അഞ്ച് സീറ്റ് വിജയിക്കുമെന്നാണ് കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ അവകാശപ്പെടുന്നത്. ഏതൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട്, പത്തനംതിട്ട മണ്ഡലങ്ങളാണ് ബി.ജെ.പി പ്രതീക്ഷ വെക്കുന്നത്. എന്നാൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ബി.ജെ.പിക്ക് വേരോട്ടമുള്ളതെന്നാണ് സർവേയിൽ വ്യക്തമാകുന്നത്. എന്നാൽ, ഇവിടങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായതിനാൽ വിജയിക്കാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലുമുണ്ട്. തൃശൂരിൽ സുരേഷ്ഗോപി, പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ആറ്റിങ്ങലിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവർ ഏറക്കുറെ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞു.
തിരുവനന്തപുരത്ത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിനാണ് മുന്തിയ പരിഗണന. ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്ന പത്തനംതിട്ടയിൽ ജനപക്ഷം ചെയർമാൻ പി.സി. ജോർജിന് നോട്ടമുള്ളത് എൻ.ഡി.എക്ക് തലവേദനയായുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് റബറിന്റെ താങ്ങുവില വർധിപ്പിക്കുന്നതിനുള്ള നീക്കവും ബി.ജെ.പി നടത്തിയേക്കും. കേരളത്തിൽ ശക്തമായ പ്രതിപക്ഷമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാറിയിട്ടും സംസ്ഥാന നേതൃത്വം എൽ.ഡി.എഫ് സർക്കാറിനെതിരെ കാര്യമായി രംഗത്തില്ലെന്നതും ദേശീയനേതൃത്വത്തെ വലയ്ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

