ദുരന്തത്തിൽ പൊലിഞ്ഞവർക്ക് നാടിന്റെ ആദരം
text_fieldsചൂരൽമല: ഉരുൾപൊട്ടലിന് ഒരാണ്ട് തികയുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നാടിന്റെ ആദരവ്. ബന്ധുക്കളും നാട്ടുകാരും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ-മത-സാമൂഹിക നേതാക്കളും വാർഷികത്തിൽ പുത്തുമലയിൽ ഒത്തുകൂടി. മരിച്ചവരെ അടക്കം ചെയ്തിരിക്കുന്ന പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയിലായിരുന്നു പുഷ്പാര്‍ച്ചനയും സര്‍വമത പ്രാർഥനയും നടന്നത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ നിരവധിപേര്‍ രാവിലെ മുതൽ പുത്തുമലയിലെ ഓര്‍മകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിത്തുടങ്ങി.
രാവിലെ 11.30ന് സംസ്ഥാന സര്‍ക്കാറിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. മരണപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പൊലീസ് സേനാംഗങ്ങൾ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി. മന്ത്രി കെ. രാജൻ, മന്ത്രി ഒ.ആര് കേളു, മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് നടന്ന സര്‍വമത പ്രാർഥനക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീന് റഹ്മാനി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചര്‍ച്ച് വികാരി ഫാ. ഡാനി, ഫാ. ഫ്രാൻസിസ്, മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി പി.ആർ ശ്രീരാജ് നമ്പൂതിരി, അഡ്വ. ബബിത എന്നിവര്‍ നേതൃത്വം നൽകി. തുടര്‍ന്ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടര്‍ ഡി.ആർ. മേഘശ്രീ, കൽപറ്റ മുനിസിപ്പാലിറ്റി ചെയർമാൻ ടി.ജെ. ഐസക്, കേരള കോഓപറേറ്റിവ് ഡെവലപ്പ്മെന്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലം വിട്ടുനൽകിയ എച്ച്.എം.എൽ കമ്പനി പ്രതിനിധി ബിനിൽ ജോൺ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.
ടൗൺഷിപ്: മാതൃക വീട് പൂർത്തിയായി
കൽപറ്റ: കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം പൂർത്തിയായി. നിർമാണം പൂർത്തിയായ മാതൃക വീട് കാണാനെത്തിയ മന്ത്രി കെ. രാജനോട് വീടിന്റെ നിർമാണത്തിൽ തങ്ങൾ തൃപ്തരാണെന്ന് ഗുണഭോക്താക്കളിൽ ചിലർ പറഞ്ഞു. 2025 ഡിസംബർ 31 നകം ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തീകരിക്കുമെന്നും 2026 ജനുവരിയിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഒ.ആർ. കേളു, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, ജില്ല പൊലീസ് മേധാവി തപേഷ് ബസുമതാരി, ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ എന്നിവർ എൽസ്റ്റണിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്മാര്‍ട്ട് കാര്‍ഡും ലാപ്ടോപ്പുകളും വിതരണം ചെയ്തു
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പൂർണ പുനരധിവാസം ഉറപ്പാക്കുന്നത് വരെ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി കെ രാജൻ. ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണവും വിദ്യാർഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ഒ.ആർ. കേളു അധ്യക്ഷതവഹിച്ചു. ആറു കുടുംബങ്ങൾക്ക് സ്മാർട്ട് കാർഡും 10 വിദ്യാർഥികൾക്ക് ലാപ്ടോപ്പും നൽകിയാണ് റവന്യൂ മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ജില്ല ഭരണകൂടം തയാറാക്കിയ, വിവിധ വകുപ്പുകൾ ദുരന്ത ദിവസം മുതൽ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ കോഫി ടേബിൾ ബുക്ക്, വിഡിയോ ഡോക്യുമെന്ററി എന്നിവ പ്രകാശനം ചെയ്തു. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, ടൗൺഷിപ് ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. ജെ. അരുൺ, കെ.എസ്.ഡി.എം.എ മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, അംഗം ഡോ. ജോയ് ഇളമൺ എന്നിവർ പങ്കെടുത്തു.
പരാതി പരിശോധിക്കുമെന്ന് മന്ത്രി കേളു
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല പ്രദേശത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ലെന്നത് സംബന്ധിച്ച് ലഭിച്ച പരാതികൾ സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു. ദുരന്തത്തിനു ശേഷം വിനോദസഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി കാരണം പ്രയാസപ്പെടുന്ന പ്രദേശവാസികളുടെ പ്രശ്നങ്ങർക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മേപ്പാടി എസ്.എം.എ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

