ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം യാഥാർഥ്യത്തിലേക്ക്
text_fieldsആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം
ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തിൽ പൊതുശ്മശാനം യാഥാർഥ്യത്തിലേക്ക്. പഞ്ചായത്തിന്റെയും ജില്ല പഞ്ചായത്തിന്റെയും ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ശ്മശാന നിർമാണം പൂര്‍ത്തിയാക്കിയത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പൊതുശ്മശാനം ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ആദിവാസികളുൾപ്പെടെ മലയോര മേഖലയിലെ പ്രധാന പഞ്ചായത്തായ ആര്യനാട്ട് ഒരു പൊതുശ്മശാനം എന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
നിലവിലില്‍ ഗ്രാമങ്ങളിലുള്ളവരുടെ മൃതദേഹം സംസ്കാരം നടത്തുന്നതിനായി തിരുവനന്തപുരം നഗരസഭ, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പൊതുശ്മശാനങ്ങളെയാണ് തെക്കന്‍ മലയോര മേഖലയിലുള്ളവര്‍ ആശ്രയിച്ചിരുന്നത്. ഇതിനുപരിഹാരം കാണാനാണ് ആര്യനാട് ഗ്രാമപഞ്ചായത്ത് ഈഞ്ചപുരിക്ക് സമീപം ഏറ്റവും ആധുനിക സംവിധാനങ്ങളോടും കൂടിയ ശ്മശാനം പൂർത്തീകരിച്ചത്.
ഗ്യാസ് ഫർണർ,പാർക്കിങ് സൗകര്യം, പുക ശുദ്ധീകരിക്കുന്നിനുള്ള സംവിധാനം, ഓഫീസ്, കർമങ്ങൾ ചെയ്യുന്നതിനുള്ള മണ്ഡപം, ഫല വൃക്ഷങ്ങൾ അടങ്ങന്ന ഗാർഡൻ, കർമങ്ങൾ ചെയ്യുന്നവർക്ക് പ്രത്യേകം സജ്ജീകരിച്ച റൂം, ശൗചാലയം സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. നിലവിൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ശ്മശാനം ഭാവിയിൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്. ഈഞ്ചപ്പുരി വാർഡിലെ മൈലമൂട്ടിൽ അമ്പത് സെന്റ് വസ്തുവിലാണ് തണൽ ശ്മശാനം നിർമിച്ചിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചാണ് മൃതദേഹം സംസ്കരിക്കുക. ഏറ്റവും കുറഞ്ഞ അളവിൽ പുക പുറത്തേക്ക് പോകുന്ന ഹൈടെക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 14 ഗ്യാസ് സിലിണ്ടറുകളാണ് ഒരേസമയത്ത് ശ്മശാനത്തിൽ പ്രവർത്തിക്കുന്നത്. ആര്യനാട് പഞ്ചായത്തിന് പുറമേ ഉഴമലയ്ക്കൽ, കുറ്റിച്ചൽ, പൂവച്ചൽ, തൊളിക്കോട്,വിതുര എന്നീ സമീപ പഞ്ചായത്തുനിവാസികള്ക്കും ഈ പൊതുശ്മശാനം ഗുണകരമാകും.
ദരിദ്രരുടെ മൃതദേഹം സംസ്കരിക്കുന്നതിന് പണം ഈടാക്കില്ലെന്നും ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ നിരക്കായിരിക്കുമെന്നും പ്രസിഡന്റ് ബിജുമോഹന്‍ പറഞ്ഞു. ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ പൊതു ശ്മശാനം മന്ത്രി എം.ബി. രാജേഷ് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

