ഭീഷണിയായി റെയിൽവേ ട്രാക്ക് മറികടക്കൽ; വേണം, പുതുനഗരം വടക്കേത്തെരുവിൽ മേൽപാലം
text_fieldsപുതുനഗരം മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന വിദ്യാർഥികൾ
പുതുനഗരം: വിദ്യാലയത്തിന് സമീപത്തെ വഴി റെയിൽവേ അടച്ചിട്ടും ട്രാക്ക് മറികടക്കുന്നത് നാട്ടുകാരും വിദ്യാർഥികളും തുടരുന്നത് അപകട ഭീഷണിയാവുന്നു. മേൽപാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലക്കാട്-പൊള്ളാച്ചി റെയിൽവേ ട്രാക്ക് കടന്നുപോകുന്ന പുതുനഗരം വടക്കേതെരുവ്-മുസ്ലിം ഹൈസ്കൂൾ റോഡാണ് റെയിൽവേ അടച്ചത്. വിദ്യാലയത്തിലേക്കും പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലേക്കും ദിനംപ്രതി നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരുമാണ് റെയിൽവേ ട്രാക്ക് മറികടക്കുന്നത്.
ചെന്നൈയിൽ നിന്നും പാലക്കാട് നിന്നുമെല്ലാം അതിവേഗം വരുന്ന ട്രെയിനുകൾ സ്കൂൾ സമീപത്ത് വളവിൽ ആളുകളെ തിരിച്ചറിയാത്ത അവസ്ഥയുണ്ട്. ട്രെയിൻ തട്ടി നിരവധി കന്നുകാലികൾക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. ട്രാക്ക് മുറിച്ചുകടക്കുന്നത് നാട്ടുകാർക്ക് ഉൾപ്പെടെ അപകട ഭീഷണിയായതിനാലാണ് കഴിഞ്ഞ മാർച്ചിൽ അധികൃതർ ട്രാക്ക് അടച്ചിട്ടത്. മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിന് പിറകുവശത്തുള്ള പഞ്ചായത്ത് റോഡിലേക്ക് റെയിൽവേ അടച്ച ഇരുമ്പ് വേലിയുടെ വശങ്ങളിലൂടെ നിരവധി വിദ്യാർഥികളും നാട്ടുകാരുമാണ് കടന്നുവരുന്നത്. പുതുനഗരം വടക്കേത്തെരുവ് ഉൾപ്പെടെ പത്തിലധികം തെരുവുകളിൽ നിന്നുള്ള നാട്ടുകാരും വിദ്യാർഥികളും റോഡ് മുറിച്ചുകടക്കാൻ ഈ മാർഗമാണ് ഉപയോഗിക്കുന്നത്.
പുതുനഗരം ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, മാവേലി സ്റ്റോർ, ജുമാമസ്ജിദ് എന്നിവയിലേക്ക് പത്തിലധികം തെരുവുകളിൽ നിന്നുള്ള നാട്ടുകാർ എത്തുന്ന പ്രധാന പഞ്ചായത്ത് റോഡാണ് വടക്കേ തെരുവ് - മുസ്ലിം ഹൈസ്കൂൾ റോഡ്. രമ്യ ഹരിദാസ് എം.പിയായിരുന്നപ്പോൾ 80 ലക്ഷത്തിലധികം രൂപ വകയിരുത്തി ഭൂഗർഭപാത നിർമാണത്തിന് നടപടികൾ ആരംഭിച്ചെങ്കിലും സാങ്കേതികമായി പ്രദേശത്ത് ഭൂഗർഭ റോഡ് നിർമിച്ചാൽ മഴവെള്ളവും മലിനജലവും കെട്ടിനിൽക്കുമെന്ന കാരണത്താൽ പദ്ധതി നടന്നില്ല.
എന്നാൽ, പ്രദേശത്ത് മേൽപാലം നിർമിക്കണമെന്ന് പുതുനഗരം പഞ്ചായത്ത് ഉൾപ്പെടെ റെയിൽവേയോട് ആവശ്യപ്പെട്ടെങ്കിലും മുഖംതിരിച്ചതായി നാട്ടുകാർ പറയുന്നു. രണ്ട് കിലോമീറ്ററിലധികം കറങ്ങിപോകേണ്ട അവസ്ഥക്ക് മാറ്റമുണ്ടാകാൻ പ്രദേശത്ത് മേൽപാലം സ്ഥാപിക്കാൻ ജനപ്രതിനിധികളും റെയിൽവേയും തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

