ഈ പ്രായശ്ചിത്തത്തിന് പത്തരമാറ്റ്; 21 വർഷത്തിനുശേഷം മൂന്നരപ്പവൻ ഉടമയെ തേടിയെത്തി
text_fieldsകൂറ്റനാട്: നഷ്ടപ്പെട്ട മൂന്നരപ്പവൻ 21വർഷങ്ങൾക്കുശേഷം തിരിച്ചുകിട്ടിയതിന്റെ അതിശയത്തിലാണ് തിരുവേഗപ്പുറ പൈലിപ്പുറം പട്ടന്മാരുടെതൊടിയിൽ പരേതനായ അബുവിന്റെ ഭാര്യ ഖദീജ. കളഞ്ഞുപോയ സ്വർണാഭരണം ഉടമയെ മനസിലായിട്ടും തിരികെ നൽകാഞ്ഞതിന്റെ കുറ്റബോധം വിടാതെ പിന്തുടർന്നതോടെയാണ് പൊന്നിന് തൊട്ടാൽ പൊള്ളും വിലയുള്ള കാലത്തും മാല തിരികെ നൽകാൻ അജ്ഞാതൻ തയാറായത്.
ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് ഖദീജയുടെ മാല നഷ്ടപ്പെട്ടത്. ഏറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ നഷ്ടപ്പെട്ട മാല വിസ്മൃതിയിലായി. കഴിഞ്ഞ ദിവസം ഓർക്കാപ്പുറത്ത് ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ നമ്പറിലേക്ക് വന്ന ഫോൺ കോളാണ് വഴിത്തിരിവായത്.
സമീപത്തെ കടയിൽ ഒരു കൊറിയർ എത്തിയെന്നായിരുന്നു സന്ദേശം. കൊറിയർ തുറന്നപ്പോൾ വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ മാലക്ക് സമാനമായ മാലയും ഒരു കുറിപ്പും. കളഞ്ഞുപോയ സ്വർണാഭരണം അന്ന് തനിക്ക് ലഭിച്ചിരുന്നെന്നും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഉപയോഗപ്പെടുത്തേണ്ടി വന്നെന്നും ഇന്ന് അതിന്റെ പേരിൽ താൻ വല്ലാതെ ദുഃഖിതനാണെന്നും കുറിപ്പിലുണ്ട്.
എഴുത്തിനോടൊപ്പമുള്ള സമാനമായ ആഭരണം സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണമെന്നും പ്രാർഥനയിൽ തന്നെയും ഉൾപ്പെടുത്തണമെന്നുമുള്ള അപേക്ഷയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. കൈപ്പിഴ തിരുത്താൻ കാണിച്ച മനസ്സിനായി പ്രാർഥിക്കുകയാണ് ഖദീജയിപ്പോൾ. അജ്ഞാതനെ അന്വേഷിച്ച് പോകാൻ താൽപര്യമില്ലെന്നും കൈപ്പിഴ തിരുത്തിയതിന് ബഹുമാനിക്കുന്നുവെന്നുമാണ് ഖദീജയുടെ കുടുംബത്തിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

