‘ഹൃദയം കൈവിടാതെ നോക്കാം’... മാധ്യമം-ബി.കെ.സി.സി കാമ്പയിൻ ലോഗോ പുറത്തിറക്കി
text_fieldsപെരിന്തൽമണ്ണ: ലോക ഹൃദയ ദിനത്തിന്റെ സന്ദേശം പകർന്ന് ‘മാധ്യമ’വും പെരിന്തൽമണ്ണയിലെ ബി.കെ.സി.സി ഹാർട്ട് സ്പെഷാലിറ്റി ആശുപത്രിയും ചേർന്ന് നടത്തുന്ന ഒരുമാസം നീളുന്ന ജനകീയ കാമ്പയിനിന്റെ ലോഗോ പുറത്തിറക്കി. ബി.കെ.സി.സിയിൽ നടന്ന ചടങ്ങിൽ ബി.കെ.സി.സി കാർഡിയാക് കെയർ ആൻഡ് റിസർച്ച് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും പ്രമുഖ കാർഡിയാക് സ്പെഷലിസ്റ്റുമായ ഡോ. കെ.പി. ബാലകൃഷ്ണൻ, ‘മാധ്യമം’ മലപ്പുറം റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
‘മാധ്യമം’ ന്യൂസ് എഡിറ്റർ ബി.എസ്. നിസാമുദ്ദീൻ, ബിസിനസ് സൊല്യൂഷൻസ് മാനേജർ പി. അബ്ദുൽ ഗഫൂർ, ബി.കെ.സി.സി അഡ്മിനിസ്ട്രേറ്റർ അമൃത സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു. ഹൃദയദിനത്തിന്റെ സന്ദേശം പകർന്ന് ‘മാധ്യമ’വും ബി.കെ.സി.സി ഹാർട്ട് സ്പെഷാലിറ്റി ആശുപത്രിയും ചേർന്ന് നടത്തുന്ന ഹൃദയാരോഗ്യ ബോധവത്കരണത്തിനൊപ്പം ലോക ഹൃദയദിനത്തിൽ കുടുംബങ്ങളെ അണിനിരത്തി വാക്കത്തണും നടത്തും. കാമ്പയിന്റെ സമാപനത്തിൽ സെപ്റ്റംബർ 28ന് രാവിലെ ആറിനാണ് പെരിന്തൽമണ്ണയിൽ കൂട്ടനടത്തം സംഘടിപ്പിക്കുന്നത്.
ഹൃദയാരോഗ്യത്തിന് പ്രാഥമികമായി വേണ്ട കാര്യങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളിലും ബോധവത്കരണ സന്ദേശം എത്തിക്കും. ആരോഗ്യനഗരമെന്ന് സവിശേഷ നാമമുള്ള പെരിന്തൽമണ്ണയിലെ ഏക കാർഡിയാക് ആശുപത്രിയെന്ന പ്രത്യേകതയും ബി.കെ.സി.സി കാർഡിയാക് കെയർ ആൻഡ് റിസർച്ചിനുണ്ട്. കാമ്പയിൻ കാലത്ത് ബി.കെ.സി.സി കാർഡിയാക് കെയർ ആൻഡ് റിസർച്ച് സെന്ററിൽ ഹൃദയപരിശോധനയും അനുബന്ധ രക്തപരിശോധനകളും കുറഞ്ഞ നിരക്കിൽ നടത്തും.
ഹൃദയാരോഗ്യസംരക്ഷണം എങ്ങനെ ഫലപ്രദമാക്കാമെന്നും ദൈനംദിന ചിട്ടകൾ എന്തെല്ലാമെന്നും കാമ്പയിനിൽ പ്രമുഖ കാർഡിയാക് സ്പെഷലിസ്റ്റ് ഡോ. കെ.പി. ബാലകൃഷ്ണൻ പങ്കുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

