ജനറൽ ആശുപത്രി എച്ച്.എം.സി രൂപവത്കരണം; അനുമതി നൽകി ആരോഗ്യ വകുപ്പ്
text_fieldsമഞ്ചേരി ജനറൽ ആശുപത്രിക്ക് എച്ച്.എം.സി രൂപവത്കരിക്കാൻ തയാറാണെന്ന് അറിയിച്ച് നഗരസഭധ്യക്ഷ വി.എം. സുബൈദയുടെ നേതൃത്വത്തിൽ കൗൺസിലർമാർ ജില്ല കലക്ടർ
വി.ആർ. വിനോദുമായി സംസാരിക്കുന്നു
മഞ്ചേരി: ജനറൽ ആശുപത്രി പ്രവർത്തിപ്പിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) രൂപവത്കരിക്കാൻ നഗരസഭക്ക് അനുമതി നൽകി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിപ്പിച്ചെങ്കിലും അവ്യക്തത തുടരുന്നു. ജനറൽ ആശുപത്രി നഗരസഭക്ക് കൈമാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മഞ്ചേരിയിൽ പൊതുവേദിയിൽ പ്രഖ്യാപിച്ചതിന്റെ തുടർനടപടിയാണ് ആരോഗ്യ വകുപ്പ് അഡിഷനൽ ഡയറക്ടറുടെ ഉത്തരവ് വന്നത്.
ഇതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചക്ക് ജനറൽ ആശുപത്രി ഏറ്റെടുക്കാൻ തയാറാണെന്നും ഉടൻ എച്ച്.എം.സി രൂപവത്കരിക്കുകയാണെന്നും കാണിച്ച് മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദയുടെ നേതൃത്വത്തിൽ ജില്ല കലക്ടർ വി.ആർ. വിനോദിനെ കണ്ടു. ഈ സമയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽരാജ്, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ് എന്നിവരും കലക്ടറുടെ ചേംബറിൽ ഉണ്ടായിരുന്നു. എച്ച്.എം.സി രൂപവത്കരിക്കാൻ നഗരസഭ ഒരുക്കമാണെന്നും ജനറൽ ആശുപത്രി പ്രവർത്തിപ്പിക്കാൻ ഏത് കെട്ടിടമാണെന്ന് അറിയിക്കണമെന്നും ചെയർപേഴ്സൻ കലക്ടറോട് ആവശ്യപ്പെട്ടു.
പഴയ ബ്ലോക്ക് നൽകണമെന്നാണ് നഗരസഭയുടെ ആവശ്യം. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുമ്പോൾ ഇത് ആശുപത്രിക്ക് കൈമാറണം എന്നതാണ് നഗരസഭയുടെ ആവശ്യം. ഇതിനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അനിൽരാജ് എതിർത്തു. കെട്ടിടങ്ങൾ ഡി.എം.ഇക്ക് കീഴിലാണെന്ന് സൂപ്രണ്ടും പ്രിൻസിപ്പലും പറഞ്ഞു. കെട്ടിടങ്ങൾ ഡി.എം.ഇക്ക് കീഴിലാണ് പറയുകയും എന്നാൽ നഗരസഭക്ക് ആശുപത്രി ഏറ്റെടുക്കാമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കുകയും ചെയ്ത സാഹചര്യത്തിൽ നഗരസഭ എന്ത് ചെയ്യണമെന്ന് ചെയർപേഴ്സൻ കലക്ടറോട് ചോദിച്ചു. മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും ഒന്നിച്ച് പ്രവർത്തിക്കട്ടെ എന്നായിരുന്നു കലക്ടറുടെ മറുപടി.
ജനറൽ ആശുപത്രിയുടെ ഭരണ നിയന്ത്രണം നേരത്തെ നഗരസഭക്ക് കൈമാറിയതിനാൽ എച്ച്.എം.സി രൂപവത്കരിക്കാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്നും നിലവിലുള്ള മാനദണ്ഡം അനുസരിച്ച് നഗരസഭക്ക് തുടർനടപടി സ്വീകരിക്കാമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഇതുസംബന്ധിച്ച് തുടർനടപടി സ്വീകരിക്കാൻ ജില്ല മെഡിക്കൽ ഓഫിസർ നഗരസഭ സെക്രട്ടറിക്ക് നിർദേശവും നൽകി. മെഡിക്കൽ കോളജിന്റെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ആഗസ്റ്റ് 12ന് വീണാ ജോർജ് മഞ്ചേരിയിൽ എത്തിയപ്പോഴാണ് ജനറൽ ആശുപത്രി നഗരസഭക്ക് കൈമാറിയെന്ന ഉത്തരവ് വേദിയിൽ ഉയർത്തിക്കാണിച്ചത്.
ജനറൽ ആശുപത്രി നഗരസഭ ഏറ്റെടുക്കുന്നതിനു എച്ച്.എം.സി രൂപവത്കരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സൂപ്രണ്ടിനു മുമ്പിൽ യു.ഡി.എഫ് നേതൃത്വം സമരം സംഘടിപ്പിച്ചിരുന്നു. സൂപ്രണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഉത്തരവ് നടപ്പാക്കിയാൽ ജനറൽ ആശുപത്രിക്ക് എച്ച്.എം.സിയും മെഡിക്കൽ കോളജിന്റെ എച്ച്.ഡി.എസും ഉണ്ടാകും. ഇതോടെ നിലവിലെ ഇരട്ട ഭരണ സംവിധാനത്തിനു പുറമേ, ഭരണ മേൽനോട്ടത്തിനും ഇരട്ട സംവിധാനമാകും. വൈസ് ചെയർമാൻ വി.പി. ഫിറോസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ റഹീം പുതുക്കൊള്ളി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എൻ.എം. എൽസി, കൗൺസിലർ ഹുസൈൻ ഹാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

