മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവർന്ന പ്രതികൾ പിടിയിൽ
text_fieldsഷഹർ, വിമൽ, ഹർഷാദ്, സർജാസ്
വെള്ളിമാട്കുന്ന്: മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും ഫോണും കവർന്ന കേസിലെ നാലംഗ സംഘം പിടിയിൽ. മാവൂർ കായലം സ്വദേശി ചന്ദനക്കണ്ടി മീത്തൽ ഷഹർ (31), തൃശൂർ ചാവക്കാട് സ്വദേശി പെരിങ്ങാട്ട് വീട്ടിൽ വിമൽ (39), പൂവാട്ടുപറമ്പ് സ്വദേശി കളരിപ്പുരയിൽ ഹർഷാദ് (28), വെസ്റ്റ് ഹിൽ സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബു (39) എന്നിവരെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ നാലിന് രാത്രി പറമ്പിൽ സ്വദേശിയായ മജീദ് പറമ്പിൽ ബസാറിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കനാൽ ബസ് സ്റ്റോപ്പിനു സമീപത്തുവെച്ച് കാറിലെത്തിയ പ്രതികൾ സ്കൂട്ടർ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് കാറിൽ കയറ്റി പെരുവയൽ ഭാഗത്തേക്ക് കൊണ്ടുപോയി. ക്രൂരമായി മർദിച്ച് പരിക്കേൽപിക്കുകയും ഭീഷണിപ്പെടുത്തി പഴ്സിലുണ്ടായിരുന്ന 9,000 രൂപ കൈവശപ്പെടുത്തുകയും ചെയ്തു.
മജീദിന്റെ മൊബൈലിൽ ഫോണിൽനിന്ന് 18,000 രൂപ ഗൂഗ്ൾ പേ വഴി അയപ്പിക്കുകയും പോക്കറ്റിൽനിന്ന് ബലം പ്രയോഗിച്ച് തക്കോലെടുത്ത് ചെറുവറ്റയിലെ വീട് തുറന്ന് മൊബൈലും വീട്ടിൽ സൂക്ഷിച്ച 3,50,000 രൂപയും കൈവശപ്പെടുത്തുകയും ചെയ്തു. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
ആറുമാസം മുമ്പ് വരട്യാക്കിലുള്ള റൂമിൽവെച്ച് വിദേശ മദ്യവും ഹാൻസുമായി കുന്ദമംഗലം പൊലീസ് സർജാസ് ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന് വിവരം നൽകിയത് മജീദാണെന്നുള്ള സംശയം കൊണ്ടാണ് പ്രതികൾ ഈ കുറ്റകൃത്യത്തിലേർപ്പെടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സർജാസ് ബാബുവിന് വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

