നിരപരാധിക്ക് ജയിൽ; സ്ഫോടകവസ്തുവിൽ ദുരൂഹത, അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsപുൽപള്ളി: വീടിന്റെ കാർപോർച്ചിൽ മദ്യവും സ്ഫോടക വസ്തുവായ തോട്ടകളും കണ്ടെത്തിയതിനെ തുടർന്ന് നിരപരാധിയായ ഗൃഹനാഥൻ ജയിലിലായ സംഭവത്തിൽ ദുരൂഹത തുടരുന്നു. പുൽപള്ളി മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചനെന്ന അഗസ്റ്റിനാണ് 17 ദിവസം ജയിലിൽ കിടന്നശേഷം മോചിതനായത്.
സംഭവം വിവാദമായതോടെ യഥാർഥ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിലവിൽ കർണാടകയിൽ നിന്ന് മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ് പ്രസാദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ റിമാൻഡിലാണ്. കർണാടക നിർമിത മദ്യം വാങ്ങി നൽകിയെന്നതിന്റെ പേരിലാണ് അറസ്റ്റ്. എന്നാൽ സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നത് വ്യക്തമാണ്. സ്ഫോടക വസ്തു കൊണ്ടുവന്നുവെന്നത് സംബന്ധിച്ച ദുരൂഹത തുടരുകയാണ്.
അന്വേഷണത്തിന് ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുമെന്നാണ് സൂചന. അതേസമയം നിരപരാധിയെ ജയിലിലടച്ച സംഭവം പൊലീസിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. തങ്കച്ചന്റെ അറസ്റ്റിന് തിടുക്കം കൂട്ടിയെന്നും ആരോപണമുണ്ട്. വിവാദമായ കേസിൽ അയാളുടെ മുൻകാല ജീവിതപശ്ചാത്തലം പരിശോധിക്കാറുണ്ടെന്നും ഇവിടെ ഇതൊന്നും നടന്നിട്ടില്ലെന്നും കുടുംബം പറയുന്നു. സംഭവത്തിനുശേഷം ജില്ലാ പൊലീസ് മേധാവിക്ക് തങ്കച്ചന്റെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് ആരോപണ വിധേയരായവരുടെ ഫോൺ കോൾ പരിശോധിക്കുന്നുണ്ട്.
നീതി ലഭിച്ചില്ലെങ്കിൽ നിയമപോരാട്ടം -തങ്കച്ചൻ
കൽപറ്റ: മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെടുത്ത സംഭവത്തിൽ നിരപരാധിയായ തന്നെ ജയിലിലടച്ചതിൽ നീതി ലഭ്യമായില്ലെങ്കിൽ നിയമപോരാട്ടത്തിനിറങ്ങുമെന്ന് പുൽപള്ളി മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലില്‍ അടച്ച സംഭവത്തില്‍ ഗൂഡാലോചനയടക്കം നടത്തിയ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഗ്രൂപ്പുവഴക്കാണ് തന്നെ കുടുക്കിയത്. വഞ്ചിച്ചത് ചില കോണ്‍ഗ്രസ് നേതാക്കളാണ്. മുള്ളന്‍കൊല്ലിയിലെ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മറ്റ് ചിലരുമാണ് തന്നെ കുടുക്കിയത്. മുള്ളന്‍കൊല്ലി പഞ്ചായത്ത് കോണ്‍ഗ്രസ് വികസന സെമിനാറില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ പണി തരുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.
സമീപം ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനുമുണ്ടായിരുന്നു. നിലവില്‍ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം അഭ്യര്‍ഥിച്ചതിനാൽ പേരുകള്‍ തൽക്കാലം പറയുന്നില്ല. പൊലീസിലും കെ.പി.സി.സിക്കും നല്കിയ പരാതിയില്‍ ആറുപേരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി അന്വേഷണ കമീഷനെ വെച്ച് ഏഴുദിവസത്തിനകം പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുകയാണ്. പൊലിസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. എങ്കിലും അവര്‍ തന്റെ നിരപാധിത്വം തെളിയിച്ചു. ഇതിനാൽ പൊലിസിനെതിരെ പരാതികള്‍ ഉയര്‍ത്തുന്നില്ല. എന്നാല്‍ നീതി ലഭിച്ചില്ലെങ്കില്‍ നിയമപോരാട്ടങ്ങള്‍ക്ക് ഇറങ്ങും. നിലവില്‍ കെ.പി.സി.സി അന്വേഷണ റിപ്പോര്‍ട്ടും നടപടിയും തൃപ്തികരമല്ലെങ്കില്‍ അതിനെതിരെയും സമരത്തിനിറങ്ങും.
കഴിഞ്ഞ ആഗസ്റ്റ് 22നാണ് കേസിനാസ്പതമായ സംഭവം നടന്നത്. തങ്കച്ചന്റെ വീട്ടിലെ കാറിനടിയില്‍ നിന്ന് കര്‍ണാടകമദ്യവും സ്ഫോടക വസ്തുക്കളും കണ്ടെടുക്കുകയായിരുന്നു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത പൊലിസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ പൊലീസിന്റെ തുടരന്വേഷണത്തിൽ കർണാടകയിൽ നിന്ന് മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

