യാത്രക്ലേശം തീരുന്നില്ല; ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം
text_fieldsകോട്ടയം: യാത്രക്ലേശം രൂക്ഷമായതോടെ ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായി. എറണാകുളത്തുനിന്ന് വൈകീട്ട് കോട്ടയത്തേക്കുള്ള യാത്ര അനുദിനം ദുരിതമാകുകയാണ്. വേണാട്, മെമു ട്രെയിനുകളിൽ കടന്നുകൂടാൻ പാടുപെടുകയാണ് സ്ത്രീകളും വിദ്യാർഥികളും അടങ്ങുന്ന ദൈനംദിന യാത്രക്കാർ. വേണാടിന് മുമ്പ് കോട്ടയം ഭാഗത്തേക്ക് ഒരു ട്രെയിൻ വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
തൃപ്പൂണിത്തുറയിൽനിന്ന് മിക്ക ട്രെയിനുകളും ഇപ്പോൾ പുറപ്പെടുന്നത് ചവിട്ടുപടിയിൽവരെ യാത്രക്കാരെ നിറച്ചാണ്. അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. വൈകീട്ട് 03.50ന് എറണാകുളം ടൗണിൽ എത്തിച്ചേരുന്ന 56317 ഗുരുവായൂർ -എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിച്ചാൽ വൈകുന്നേരത്തെ തിരക്കിന് പരിഹാരമാകും. എറണാകുളം ജങ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യത്തിനും പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിക്കുന്നതിലൂടെ പരിഹാരമാകും.
കോട്ടയത്തുനിന്ന് വൈകീട്ട് 06.15ന് പുറപ്പെട്ടാൽ 56318 എറണാകുളം-ഗുരുവായൂർ പാസഞ്ചറിന്റെ ഷെഡ്യൂൾഡ് സമയമായ 07.48ന് തന്നെ എറണാകുളം ടൗണിൽ എത്താൻ സാധിക്കും. റേക്ക് ഷെയറിൽ ചെറിയ മാറ്റം വരുത്തിയാൽ വളരെ എളുപ്പത്തിൽ സാധ്യമാകുന്ന സർവിസിന് ജനപ്രതിനിധികളുടെ ഇടപെടൽ അനിവാര്യമാണ്.
വൈകീട്ട് 05.20നുശേഷം രാത്രി 09.45ന് മാത്രമാണ് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള അടുത്ത സർവിസുള്ളത്. ജില്ലയിലെ വിവിധ ഓഫിസുകളിൽ ജോലി ആവശ്യങ്ങൾക്കായി എത്തുന്നവരും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുന്നു. കോട്ടയം സ്റ്റേഷൻ വികസിപ്പിച്ചെങ്കിലും പുതുതായി ഒരു സർവിസും പരിഗണിച്ചിട്ടില്ല. എറണാകുളത്ത് അവസാനിപ്പിക്കുന്ന ചില സർവിസുകൾ കോട്ടയത്തേക്ക് ദീർഘിപ്പിക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല.
ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് എത്തുന്നതോടെ ജില്ലയിലെ യാത്രക്ലേശത്തിന് വലിയ തോതിൽ ആശ്വാസമാകും. കോട്ടയത്തുനിന്ന് കൊല്ലത്തേക്കുള്ള 66315 മെമുവിന് കണക്ഷൻ ലഭിക്കുകയും ചെയ്യുന്നതോടെ തെക്കൻ ജില്ലയിലേക്കുള്ള യാത്രയും സാധ്യമാകും.
എല്ലാ ജനപ്രതിനിധികളും ജില്ലയുടെ റെയിൽ യാത്രക്ലേശം പരിഹരിക്കുന്നതിന് മുന്നോട്ടു വരണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്, ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ അടക്കം വിവിധ പാസഞ്ചർ അസോസിയേഷനുകൾ സംയുക്തമായി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

