സി.പി.എം പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് തടവ്
text_fieldsപ്രതീകാത്മക ചിത്രം
കൊട്ടാരക്കര: കടയ്ക്കൽ ചുണ്ടയിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 14 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപവീതം പിഴയും ശിക്ഷ. ഇട്ടിവ ചെറുകുളം അയിരൂർ അയണിവിളയിൽ നൗഷാദിനെ (61) മൃഗീയമായി അക്രമിച്ച കേസിലെ പ്രതികളായ തടിക്കാട് പോങ്ങുംമുകൾ ചരുവിളപുത്തൻവീട്ടിൽ റജി (35), ഇട്ടിവ ചുണ്ട കിഴക്കതിൽ വീട്ടിൽ സക്കീർ (32), ചക്കുവരയ്ക്കൽ പുല്ലിച്ചിറ അറഫജ് മൻസിലിൽ സെയ്ഫുദ്ദീൻ (31), ഓയൂർ വെളിനല്ലൂർ നഫീർ മൻസിലിൽ നഫീർഖാൻ (നസീർഖാൻ-27) എന്നിവരെയാണ് കൊട്ടാരക്കര അസി. സെഷൻസ് ജഡ്ജ് എ. ഷാനവാസ് ശിക്ഷിച്ചത്.
ഒമ്പത് പ്രതികളുണ്ടായിരുന്നതിൽ ഒരാൾ ഒളിവിലാണ്. മറ്റുനാലുപേരെ കോടതി വെറുതെവിട്ടു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടുവർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക നൗഷാദിന്റെ ബന്ധുക്കൾക്ക് നൽകണമെന്നും വിധിയിലുണ്ട്.
സംഘംചേരൽ, ഗൂഡാലോചന, ആയുധങ്ങളുമായി അക്രമം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. 2016 ഡിസംബർ ഒന്നിന് രാവിലെ എട്ടിന് ചുണ്ട ജങ്ഷനിലായിരുന്നു സംഭവം. പ്രവാസിയായിരുന്ന നൗഷാദ് പച്ചക്കറിക്കടക്ക് മുന്നിൽ സഹകരണബാങ്ക് ജീവനക്കാരനുമായി സ്കൂട്ടറിൽ സംസാരിച്ചുനിൽക്കവെ ബൈക്കുകളിലും കാറുകളിലുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ദീർഘകാലം പരിക്കേറ്റ് ദുരിതജീവിതം നയിച്ച നൗഷാദ് അഞ്ചുമാസം മുമ്പാണ് മരിച്ചത്.
നൗഷാദിന്റെ ബന്ധുവായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ചതുമായി ബന്ധപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകരെ ഒരുസംഘം തിരിച്ചടിച്ചിരുന്നു. ഇതിനുപിന്നിൽ നൗഷാദ് ആണെന്നാരോപിച്ചായിരുന്നു അക്രമം. പ്രധാന സാക്ഷികളിൽ ചിലർ കൂറുമാറിയ കേസിൽ അന്വേഷണം നടത്തിയത് കടയ്ക്കൽ സി.ഐ സാനി ആയിരുന്നു. കുറ്റപത്രം നൽകിയത് സി.ഐ പ്രദീപ് കുമാറും. പ്രോസിക്യൂഷനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ വെളിയം കെ. ഷാജി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

