തലശ്ശേരി ടൗണിൽ ആറ് കടകളിൽ മോഷണം
text_fieldsതലശ്ശേരി: നഗരമധ്യത്തിൽ പരക്കെ മോഷണം. പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് യൂനിറ്റ് പരിസരത്തെ മല്ലേഴ്സ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ആറോളം സ്ഥാപനങ്ങളിലാണ് ഞായറാഴ്ച അർധരാത്രി ഒരേസമയം മോഷണം നടന്നത്. നിട്ടൂർ സ്വദേശി കെ.സി. കാസിമിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ സോൺ ഗൃഹോപകരണ സ്ഥാപനത്തിലും തൊട്ടടുത്ത പാലയാട് സ്വദേശി കെ. സജേഷിന്റെ ഉടമസ്ഥതയിലുള്ള ബിസ് ഐ.ടി കമ്പ്യൂട്ടർ സെയിൽസ് സ്ഥാപനം, ആഞ്ജനേയ ഡ്രൈവിങ് സ്കൂൾ, അജിത്തിന്റെ ബുക്ക് സ്റ്റാൾ, കതിരൂർ ആറാം മൈലിലെ വി. പ്രമീളയുടെ ഉടമസ്ഥതയിലുള്ള സീൻസ് ലേഡീസ് ടെയ്ലർ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒരേസമയം കവർച്ച നടന്നത്.
ഫാഷൻ സോണിൽനിന്ന് 2,51,900 രൂപ അപഹരിച്ചു. മറ്റു സ്ഥാപനങ്ങളിൽനിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ല. പണം മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ എത്തിയതെന്ന് വ്യക്തം. എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്. കെട്ടിടത്തിന്റെ മുകൾ നിലയിൽ പി.കെ. നിസാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഇന്ത്യൻ ക്ലോത്ത് ഹോൾസെയിൽ സ്ഥാപനത്തിലും മോഷണശ്രമമുണ്ടായി. ഫാഷൻ സോണിൽ നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കിലും രണ്ടുമാസത്തിലേറെയായി പ്രവർത്തനരഹിതമാണ്.
ഫാഷൻ സോൺ ഉടമ കാസിമിന്റെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ് മണംപിടിച്ച് എൻ.സി.സി റോഡിലെ ബാങ്ക് കെട്ടിടം വരെ ഓടി. ഇവിടെനിന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസ് അനുമാനം. മോഷണം നടന്ന സ്ഥാപനങ്ങൾക്കരികിൽ പൊളിച്ചിട്ട പൂട്ടുകളും റിബണും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

