റവന്യൂ ജില്ല കായികമേള; ട്രാക്കിൽ പയ്യന്നൂർക്കാറ്റ്
text_fieldsനഗരസഭ സ്റ്റേഡിയത്തിൽ കണ്ണൂർ റവന്യൂ ജില്ല കായികമേളയുടെ ആദ്യദിനം 28 ഇനങ്ങളിൽ 77 പോയന്റുമായി പയ്യന്നൂർ ഉപജില്ല മുന്നിൽ. 37.25 പോയിന്റുമായി മട്ടന്നൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ തലശ്ശേരി സൗത്ത് ഉപജില്ല 27 പോയന്റുമായി മൂന്നാം സ്ഥാനത്തും കണ്ണൂർ നോർത്ത് ഉപജില്ല 26 പോയന്റുമായി നാലാം സ്ഥാനത്തും കൂത്തുപറമ്പ് ഉപജില്ല 23 പോയന്റുമായി അഞ്ചാം സ്ഥാനത്തുമെത്തി നിൽക്കുന്നു. വ്യാഴാഴ്ച രാവിലെ തെളിഞ്ഞ കാലാവസ്ഥയിൽ മത്സരങ്ങൾ ആരംഭിച്ചെങ്കിലും ഉച്ചയോടെ അന്തരീക്ഷം മാറി. രണ്ടരയോടെ പെയ്ത മഴയിൽ മത്സരങ്ങൾ മന്ദഗതിയിലായി. ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ, ജൂനിയർ ഗേൾസ് ഹൈ ജംപ്, സബ് ജൂനിയർ ബോയ്സ് ഹൈജംപ് മത്സരങ്ങൾ മഴ കാരണം മാറ്റി.
കുട്ടികൾ നഗ്നപാദരാകരുത് ഷൂസുകള്‍ വാങ്ങി നല്‍കണം -സ്പീക്കർ
തലശ്ശേരി: കായികമേളയില്‍ നഗ്നപാദരായി പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഷൂസുകള്‍ വാങ്ങിനല്‍കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കണമെന്ന് നിയമസഭ സ്പീക്കര്‍ എ.എൻ. ഷംസീർ.
ചിലര്‍ക്ക് ഷൂസുകള്‍ വാങ്ങിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. അത്തരം അവസരങ്ങളില്‍ പി.ടി.എ മുന്‍കൈ എടുത്ത് വാങ്ങി കൊടുക്കണം. അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശം ജില്ല വിദ്യാഭ്യാസ വകുപ്പ് നല്‍കണം. കണ്ണൂര്‍ ജില്ല റവന്യൂ സ്‌കൂള്‍ കായിക മേള തലശ്ശേരി വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക നഗരസഭ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കായികമേള സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍ ഡി.ഡി.ഇ ഡി. ഷൈനി പതാക ഉയര്‍ത്തി. മൂന്ന് ദിവസമായി നടക്കുന്ന മേളയില്‍ 15 ഉപജില്ലകളില്‍ നിന്ന് ഒന്ന് മുതല്‍ മൂന്നാംസ്ഥാനം വരെ ലഭിച്ചവരും തലശ്ശേരി സായി സെന്ററില്‍ നിന്ന് 15 പേരും കണ്ണൂര്‍ സ്പോര്‍ട്‌സ് ഡിവിഷനില്‍ നിന്ന് 40 പേരും ഉൾപ്പെടെ 2600 ല്‍പരം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 98 മത്സര ഇനങ്ങളാണ് മൂന്നു ദിവസങ്ങളിലായി നടക്കുക.
തലശ്ശേരി നഗരസഭ ചെയര്‍പേഴ്സൻ കെ. എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ആര്‍.ഡി.ഡി എ.കെ വിനോദ് കുമാര്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി, തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ശബാന ഷാനവാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ. സാഹിറ, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

