ഒളിയമ്പുമായി മന്ത്രി വീണ ജോർജ്, കടന്നാക്രമിച്ച് കെ.ടി.ജലീൽ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് സഭയിൽ നടന്നതെന്ത്..!
text_fieldsതിരുവനന്തപുരം: നിയമസഭയിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പെയ്ത് മന്ത്രി വീണാ ജോര്‍ജും കെ.ടി. ജലീലും. പൊലീസ് അതിക്രമങ്ങളെക്കുറിച്ച അടിയന്തര പ്രമേയ ചർച്ചയിൽ രാഹുലിന്‍റെയും പി.കെ. ഫിറോസിന്‍റെയും പേരെടുത്ത് പറഞ്ഞായിരുന്നു ജലീലിന്‍റെ ആക്രമണം.
രാഹുലിനെയും ഫിറോസിനെയും പോലെയാണോ എല്ലാ കോൺഗ്രസുകാരും ലീഗുകാരുമെന്ന് കെ.ടി. ജലീൽ ചോദിച്ചു. ഭ്രൂണത്തിൽവെച്ച് കുഞ്ഞിനെ കൊന്നുകളഞ്ഞെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയല്ല എല്ലാ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.
നാട്ടിൽ പാർട്ടി പ്രവർത്തനം നടത്തുകയും അഞ്ചേകാൽ ലക്ഷം രൂപ ഗൾഫിൽനിന്ന് ശമ്പളം പറ്റുകയും ചെയ്യുന്ന മായാവിയായ രാഷ്ട്രീയക്കാരൻ പി.കെ. ഫിറോസിനെ പോലെയല്ല മറ്റ് യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും. അതുപോലെയാണ് പൊലീസിന്‍റെയും കാര്യവും. ചില പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടി പൊലീസാകെ പ്രശ്‌നമാണെന്ന് പറയരുതെന്നും ജലീൽ പ്രതിപക്ഷത്തെ ഉപദേശിച്ചു.
ചോദ്യോത്തരവേളയിലായിരുന്നു പ്രതിപക്ഷത്തിനിട്ടുള്ള വീണാ ജോർജിന്‍റെ കുത്ത്. ശിശുജനന-മരണ നിരക്കുമായി ബന്ധപ്പെട്ട എം. വിജിന്‍റെ ചോദ്യത്തിന്, കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് വീണാ ജോര്‍ജ് മറുപടി നൽകി. കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചു ശതമാനമായി കുറക്കാൻ സാധിച്ചു.
ഇത് അമേരിക്കൻ ഐക്യനാടുകളിലെ നിരക്കിനേക്കാൾ കുറവാണ്. ഗർഭസ്ഥശിശുക്കൾക്ക് വരെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന നൂതന പദ്ധതികൾ ഉൾപ്പെടെ, ശിശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ നടപ്പാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിൽ. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇരുവരുടെയും പരിഹാസങ്ങൾ ഭരണപക്ഷം ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ കേട്ടിരിക്കാനേ പ്രതിപക്ഷത്തിന് കഴിഞ്ഞുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

