എസ്.ഐ.ആറിനെതിരെ കേരളം ഒറ്റക്കെട്ട്; നിയമസഭ പ്രമേയം പാസാക്കി, പിന്തുണച്ച് പ്രതിപക്ഷം
text_fieldsകേരളാ നിയമസഭ
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണത്തിനെതിരെ (എസ്.ഐ.ആർ) കേരളം ഒറ്റക്കെട്ട്. ഭരണപക്ഷവും പ്രതിപക്ഷവും കൊണ്ടുവന്ന സംയുക്ത പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണക്കുകയും ചെയ്തു. ലീഗ് എം.എൽ.എമാരായ യു. ലത്തീഫ്, എൻ. ഷംസുദ്ദീൻ എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു.
വോട്ടർപട്ടികയിൽ നിന്ന് ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ രീതിയിലാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നതെന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്. ബിഹാർ എസ്.ഐ.ആറിന്‍റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലുള്ളപ്പോൾ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടി കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാനാവില്ല.
ദീർഘകാല തയാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്.ഐ.ആറിൽ പ്രക്രിയ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമീഷനെ സംശയത്തിലാഴ്ത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബിഹാറിനെ ഇളക്കിമറിച്ച രാഹുൽ ഗാന്ധി നയിച്ച വോട്ട് അധികാർ യാത്രയിൽ സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇൻഡ്യ സഖ്യകക്ഷികൾ എല്ലാം ഭാഗഭാക്കായതോടെയാണ് എസ്.ഐ.ആറിനെതിരായ സമരം ഇൻഡ്യയുടേതായി ദേശീയ തലത്തിലേക്ക് വളർന്നത്. അങ്ങനെയാണ് കേരളത്തിലും എസ്.ഐ.ആർ വിരുദ്ധ വികാരം ഉയരുന്നത്. ഈ വികാരം തങ്ങൾക്കുകൂടി അനുകൂലമാക്കി മാറ്റാനാണ് നിയമസഭാ പ്രമേയത്തിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്. 2024ലെ വോട്ടർപട്ടിക എസ്.ഐ.ആറിന് അടിസ്ഥാനമായി അംഗീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
അതേസമയം, സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) മുന്നോടിയായി 2002ൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെയും നിലവിലെ വോട്ടർ പട്ടികയുടെയും സാങ്കേതിക പരിശോധന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചിട്ടുണ്ട്. ഇരു പട്ടികകളും താരതമ്യം ചെയ്ത് എത്രത്തോളം വ്യത്യാസമുണ്ടെന്ന് ഐ.ടി സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയാണ് ലക്ഷ്യം.
കേരളത്തിൽ എസ്.ഐ.ആർ നടപടികളുടെ സമയക്രമവും മറ്റും കേന്ദ്രം പ്രഖ്യാപിക്കാനിരിക്കെ ഈ പരിശോധന നിർണായകമാണ്. 2002ലെ പട്ടികയെ അപേക്ഷിച്ച് 2025ലെ പട്ടികയിൽ 53.25 ലക്ഷം വോട്ടർമാർ കൂടുതലുണ്ട്. 2002ലെയും 2025ലെയും വോട്ടർ പട്ടിക പരിശോധിക്കാൻ പൊതുജനങ്ങൾക്കുള്ള നിർദേശം കമീഷൻ പുറത്തിറക്കിയിട്ടുണ്ട്.
എസ്.ഐ.ആറിലെ പ്രക്രിയകൾ എന്തൊക്കെ?
പുതിയ എൻറോൾമെന്റുകൾ, നീക്കം ചെയ്യലുകൾ, എതിർപ്പുകൾ എന്നിവക്കായി വീടുതോറുമുള്ള പരിശോധന ഒരു നിർബന്ധിത ഘടകമാണ്. വോട്ടർമാർ ഒരു ഫോറം പൂരിപ്പിക്കേണ്ടതുണ്ടെന്നും ഇലക്ടറൽ ഓഫിസർ അറിയിച്ചു. എൻട്രികൾ ഒത്തുനോക്കുന്നതിനായി ബൂത്ത് ലെവൽ ഓഫിസർമാർക്ക് (ബി.എൽ.ഒ) 2002ലെ റോളുകളുടെയും ഏറ്റവും പുതിയ റോളുകളുടെയും പകർപ്പുകൾ നൽകും.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 2002 ലിസ്റ്റിലുള്ള എല്ലാവരെയും 2025 ലിസ്റ്റുമായി ഒത്തുനോക്കും. ബിഹാറിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, 80ശതമാനത്തിലധികം ആളുകളെയും കണ്ടെത്താൻ കഴിയും. അതായത്, കേരളത്തിൽ എസ്.ഐ.ആർ 2002ൽ അവരുടെ പേരുകൾ ഉണ്ടെങ്കിൽ, 80ശതമാനം ആളുകളും ഒരു രേഖയും നൽകേണ്ടതില്ല- ചീഫ് ഇലക്ടറൽ ഓഫിസർ പറഞ്ഞു.
എസ്.ഐ.ആറിൽ മൂന്ന് വിഭാഗങ്ങളായി വോട്ടർമാരെ പരിഗണിക്കും. 1987ന് മുമ്പ് ജനിച്ചവർ, 1987 നും 2004 നും ഇടയിൽ ജനിച്ചവർ, 2004ന് ശേഷം ജനിച്ചവർ എന്നിങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

