വാതിൽ തുറന്ന് യാത്ര; മോട്ടോർ വാഹന വകുപ്പിന്റെ നടപടി കേരള ആർ.ടി.സിയിൽ ഒതുങ്ങുന്നു
text_fieldsവാതിൽ തുറന്നുവെച്ചുള്ള കാസർകോട്-മംഗളൂരു കർണാടക ആർ.ടി.സിയുടെ സർവിസ്
കാസർകോട്: വാതിലടക്കാതെ സർവിസ് നടത്തുന്ന കേരള ആർ.ടി.സി ബസുകൾക്ക് വലിയ പിഴചുമത്തുന്ന മോട്ടോർ വാഹന വകുപ്പ് കർണാടക ആർ.ടി.സിയെ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം. വാതിൽ തുറന്നുവെച്ചും കെട്ടിവെച്ചും അമിതവേഗത്തിൽ കാസർകോട്-മംഗളൂരു റൂട്ടിൽ സർവിസ് നടത്തുന്ന കർണാടക ആർ.ടി.സി ബസുകൾക്കെതിരെ അധികൃതർ കണ്ണടക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി.
കാസർകോട്-മംഗളൂരു ദേശീയപാതയിൽ സർവിസ് നടത്തുന്ന കർണാടക ആർ.ടി.സിയുടെ ഭൂരിഭാഗം ബസുകളും വാതിൽ തുറന്നാണ് സർവിസ് നടത്തുന്നത്. ബസുകളിലെ വാതിലുകൾ കെട്ടിയിട്ടിരിക്കുന്നതും പതിവ് കാഴ്ചയാണ്. മംഗളൂരു റൂട്ടിൽ അശ്രദ്ധയിലും അമിതവേഗത്തിലുമാണ് സർവിസ് നടത്തുന്നതെന്ന പരാതി മുമ്പും ഉയർന്നിട്ടുണ്ട്.
വാതിൽ തുറന്നുവെച്ചാകുമ്പോൾ അപകടവ്യാപ്തി വർധിക്കുന്നുണ്ട്. തലപ്പാടിയിൽ കഴിഞ്ഞമാസം കർണാടക ട്രാൻസ്പോർട്ട് ബസ് നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് ആറുപേർ മരിക്കാനിടയായത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. നാട്ടുകാർ ഈ റൂട്ടിലെ ബസുകൾ തടഞ്ഞുവെച്ച് സർവിസിന് യോഗ്യമല്ലാത്ത പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അമിതവേഗത്തിനോ അശ്രദ്ധയോടെയുള്ള യാത്രക്കോ ഒരു കുറവുമില്ല. അന്വേഷണങ്ങളും പരിശോധനകളും അപകടം നടന്ന ഒരുദിവസത്തിൽതന്നെ ഒതുങ്ങി.
ബസുകൾ ഡിപ്പോയിൽനിന്ന് സർവിസ് നടത്തുമ്പോൾ പൂർണസജ്ജമാണോ എന്നകാര്യത്തിൽ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. യാത്രക്കാർ കയറുന്ന വാതിലുകൾക്കുപോലും സുരക്ഷയൊരുക്കാൻ അധികൃതർക്ക് കഴിയുന്നില്ല.
കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ കേരളത്തിലെ മറ്റു വാഹനങ്ങൾ പരിശോധിക്കാറുണ്ടെങ്കിലും കർണാടക ട്രാൻസ്പോർട്ട് ബസുകളെ പരിശോധനയിൽനിന്ന് ഒഴിവാക്കുകയാണ്. സർവിസ് റോഡിലൂടെ ഓടേണ്ട കേരള-കർണാടക കെ.എസ്.ആർ.ടി.സി ബസുകൾ മത്സരയോട്ടത്തിൽ പലപ്പോഴും നിയമം ലംഘിച്ച് ദേശീയപാതയിലൂടെ ഓടുന്നതും അധികൃതർ കണ്ടില്ലെന്നുനടിക്കുന്നു. ഇതിന്റെ ദുരന്തഫലമായിരുന്നു തലപ്പാടിയിലെ അപകടവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

