പ്രതിപക്ഷ നേതാവിനെ സംവാദത്തിന് വെല്ലുവിളിച്ച് ആരോഗ്യ മന്ത്രി
text_fieldsവി.ഡി സതീശൻ, വീണ ജോർജ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കപ്പിത്താനില്ലാത്ത അവസ്ഥയാണെന്നും 10 വര്‍ഷമായിട്ടും സിസ്റ്റം ശരിയായില്ലെന്നും പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിയമസഭ ചോദ്യോത്തരവേളയിലായിരുന്നു വെല്ലുവിളി. ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ചികിത്സ പിഴവുകൾ തുടർക്കഥയായതോടെ രോഗിയായി ആശുപത്രിയിലെത്തിയാൽ മൃതദേഹമായി തിരിച്ചുവരേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്വകാര്യ മേഖലയിലേതുപോലെ എളുപ്പത്തിൽ ഉപകരണങ്ങൾ വാങ്ങാൻ സർക്കാർ സംവിധാനത്തിന് കഴിയില്ലെന്നും ഈ നടപടിക്രമങ്ങളിലെ കാലതാമസമാണ് സിസ്റ്റത്തിലെ തകരാർ എന്ന നിലയിൽ താൻ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സൂപ്രണ്ടുമാർക്ക് ഉപകരണങ്ങൾ വാങ്ങാൻ ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇത് അപര്യാപ്തമായതിനാൽ തുക ഉയർത്തുന്നതുപോലുള്ള കാലോചിത മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാൻ രോഗികളിൽനിന്ന് പണം വാങ്ങേണ്ട അവസ്ഥയുണ്ടെന്ന വകുപ്പ് മേധാവി ഡോ. ഹാരിസിന്റെ പരാമർശവും ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും എക്സ്റേ ഫിലിമിന്‍റെയും ദൗർലഭ്യം സംബന്ധിച്ച വാർത്തകളും പ്രതിപക്ഷം സഭയിൽ ഉയർത്തി. സ്വകാര്യ മേഖലയിൽനിന്ന് അച്ചാരം വാങ്ങിയ ചിലർ കേരളത്തിലെ ആരോഗ്യ രംഗത്തെ താറടിച്ച് കാണിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന വി. ജോയിയുടെ പരാമർശത്തിൽ ഇടപെടാതിരുന്ന സ്പീക്കർക്കെതിരെ വി.ഡി. സതീശൻ രംഗത്തെത്തി. എന്നാൽ, ജോയിയുടെ പരാമർശം പ്രതിപക്ഷത്തെ ഉദ്ദേശിച്ചല്ലെന്ന് എ.എൻ. ഷംസീർ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി എഴുന്നേറ്റ മന്ത്രി വീണാ ജോർജ് മുൻ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തെയും പിണറായി സർക്കാറുകളുടെ കാലത്തെയും ഫണ്ട് വിനിയോഗം താരതമ്യം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ വാങ്ങാൻ 2011-16 കാലഘട്ടത്തിൽ 15.64 കോടി ചെലവഴിച്ചപ്പോൾ, ഒന്നാം പിണറായി സർക്കാർ 41.84 കോടി ചെലവഴിച്ചു. രണ്ടാം പിണറായി സർക്കാറിന്‍റെ കാലയളവിൽ കിഫ്ബിയിൽനിന്നുള്ള 43 കോടി ഉൾപ്പെടെ 80.66 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാലുവർഷത്തിനിടെ 7,408 കോടിയാണ് സൗജന്യ ചികിത്സക്ക് സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
സർജറിക്കായി സാധാരണക്കാരൻ പഞ്ഞിയുമായി പോകേണ്ട ഗതികേടിലാണ് കേരളത്തിലെ മെഡിക്കൽ കോളജുകളെന്നും അതേക്കുറിച്ച് മറുപടി പറയാതെ 10 വർഷത്തെ യു.ഡി.എഫ് സർക്കാറിന്‍റെ കണക്ക് പറയുന്ന മന്ത്രി ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അങ്ങനെയെങ്കില്‍ ഇ.എം.എസ് സര്‍ക്കാറിന്‍റെ കാലംമുതല്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക ചര്‍ച്ച ചെയ്യാം. സ്വകാര്യ മേഖലക്ക് രോഗികളെ ചൂഷണം ചെയ്യാനുള്ള സൗകര്യമാണ് ഈ സർക്കാർ ചെയ്തുകൊടുക്കുന്നതെന്നും സതീശൻ പറഞ്ഞു.
ഇതോടെ കണക്കുകളോട് പ്രതിപക്ഷ നേതാവ് പ്രകോപിതനാകേണ്ടതില്ലെന്നും ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളില്‍ പരസ്യ സംവാദത്തിന് തയാറാണെന്നും അതിനായി പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

