ഇതുപോലുള്ള ഹിന്ദുത്വ തീവ്രവാദികൾ നമുക്ക് വേണ്ട, അപകടമാണ് -സ്വാമി ശാന്താനന്ദക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ
text_fieldsകൊച്ചി: സംഘപരിവാർ പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെ അധിക്ഷേപിച്ച ശ്രീരാമദാസ് മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ രൂക്ഷ വിമർശനവുമായി തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. ഇതുപോലുള്ള ഹിന്ദുത്വ തീവ്രവാദികൾ നമുക്ക് വേണ്ടെന്നും അപകടമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
‘ഈ ഹിന്ദുത്വ തീവ്രവാദിക്കെതിരെ പൊലീസ് കേസെടുക്കണം, ആക്ഷനെടുക്കണം, ജയിലിലടക്കണം. ചിലർ മഹർഷി എന്നൊക്കെ വിളിക്കുന്നുണ്ട്. എവിടത്തെ മഹർഷിയാണ്? ശാന്താനന്ദ എന്നാണ് പേര്, ജോലി കലാപമുണ്ടാക്കലും. ശാന്താനന്ദ എന്ന പേര് മാറ്റി കലാപാനന്ദ എന്നാണ് ഇടേണ്ടിയിരുന്നത്. ഈ നാട്ടിൽ അയ്യപ്പനെയും വാവരരെയും കോടിക്കണക്കിന് ഹിന്ദുക്കളെയും അധിക്ഷേപിച്ചിട്ട് കാവിയുടുത്താൽ മാത്രം അതിൽനിന്ന് രക്ഷ കിട്ടില്ല. ഇതുപോലുള്ള തീവ്ര ഗോഡ്സെവാദികൾ നാടിന്റെ ശാപമാണ്, അപമാനമാണ്. വാവർക്കെതിരെ ചീപ്പ് പരാമർശമാണ് ഇയാൾ നടത്തിയത്. കുറച്ചുകൂടി മോശമായി പറയണമെന്നുണ്ട്, കാവിയോടുള്ള ബഹുമാനം കൊണ്ടാണ് പറയാത്തത്.
ഇതുപോലുള്ള തലയും വാലുമില്ലാത്ത, ഹിന്ദുക്കൾക്ക് വേണ്ടി ഒരു ഗുണവും ചെയ്യാത്തവർ കാവിയുടുത്ത് വന്ന് പബ്ലിസിറ്റിക്ക് വേണ്ടി കള്ളം പറയുന്നതും വിദ്വേഷവും വെറുപ്പും വർഗീയതയും പ്രചരിപ്പിക്കുന്നതല്ല ഹിന്ദുയിസം. ഇത് ഹിന്ദുത്വവാദമാണ്, ഗോഡ്സെ വാദമാണ്. ഇതിനെതിരെ ഹിന്ദുക്കൾ തന്നെ പരാതി പ്രവാഹവുമായി പോയത് സ്വാഗതാർഹമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അയ്യപ്പൻ ഉള്ളിടത്തോളം കാലം വാവർ അവിടെ ഇരിക്കുമെന്ന് ഇതുപോലുള്ള ആസാമിമാർ അറിയണം. ഒരുത്തനും ഒന്നും ചെയ്യാൻ പോകുന്നില്ല. ഏത് ഗോഡ്സെവാദികൾ വിചാരിച്ചാലും ഇക്കാര്യത്തിൽ യാതൊരു മാറ്റവും വരാൻ പോകുന്നില്ല.
ഇത്തരക്കാർ ശ്രീരാമദാസമിഷൻ എന്ന് പറയുന്നത് ഭഗവാൻ ശ്രീരാമന് നാണക്കേടാണ്. പകരം നാഥുറാംദാസനെന്ന് പറഞ്ഞാൽ മതി. ഇതുപോലുള്ള തീവ്രവാദികളെ നിയമപരമായി വെച്ചുപൊറുപ്പിക്കരുത്. ഇയാൾക്കെതിരെ കേസ് കൊടുത്ത പന്തളം കൊട്ടാര കുടുംബാംഗം പ്രദീപ് വർമ്മക്കും കോൺഗ്രസ് മാധ്യമ വക്താവ് വി.ആർ അനൂപിനും എല്ലാവിധ പ്രണാമവും നേരുന്നു. ഞാനും പരാതി കൊടുക്കാൻ ഇരിക്കുകയായിരുന്നു. തിരക്കിലായതിനാൽ കഴിഞ്ഞില്ല’ -രാഹുൽ ഈശ്വർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
അതിനിടെ, വിദ്വേഷപ്രസംഗം നടത്തിയതിന് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. തിങ്കളാഴ്ച ശബരിമല കർമസമിതി പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷപ്രസംഗം നടത്തിയതിനെതിരെ പന്തളം കൊട്ടാര കുടുംബാംഗം പ്രദീപ് വർമ്മയും കോൺഗ്രസ് മാധ്യമ വക്താവ് വി.ആ.ർ അനൂപും ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിരുന്നു.
വർഗീയ വിദ്വേഷം പരത്തൽ, നാട്ടിൽ ക്രമസമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ശബരിമല സംരക്ഷണ സംഗമത്തിൽ വാവര് സ്വാമിയെ ശാന്താനന്ദ മോശമായി ചിത്രീകരിച്ചെന്നാണ് പരാതി. വാവർ തീവ്രവാദിയാണെന്നും മുസ്‍ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ പറഞ്ഞത്. പ്രസംഗം വിശ്വാസം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കിയന്നെും കാണിച്ചാണ് പരാതി നൽകിയത്. അയ്യപ്പനെ ആക്രമിച്ച് തോൽപ്പിക്കാൻ എത്തിയ ആളാണ് വാവരെന്ന് ശ്രീരാമദാസ മിഷൻ അധ്യക്ഷനായ ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു. വാവർ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു.
'വാപുരൻ എന്ന് പറയുന്നത് ഇല്ലാപോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്' -എന്നായിരുന്നു ശാന്താനന്ദയുടെ പ്രസ്താവന. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സർക്കാറും ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ് സംഘ്പരിവാർ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

