ഷാഫിക്കെതിരായ അധിക്ഷേപം: കോലിട്ടിളക്കിയാൽ പ്രത്യാഘാതം അനുഭവിക്കും -ഇ.എൻ സുരേഷ് ബാബു; ‘അളിഞ്ഞ കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടത്’
text_fieldsഇ.എൻ സുരേഷ് ബാബു, ഷാഫി പറമ്പിൽ
പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപത്തിൽ ഉറച്ച് നിന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഇന്നലെ പറഞ്ഞ കാര്യങ്ങൾ അതുപോലെ നിലനിൽക്കുന്നുണ്ടെന്നും അതിൽനിന്ന് പിന്മാറുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കോൺഗ്രസുകാർക്ക് അതിനെതിരെ കേസ് കൊടുക്കാം. പക്ഷേ, അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് ആരായിരിക്കും എന്ന് മനസ്സിലാക്കണം. ഷാഫി വീണുകാണണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസിനകത്തുള്ളവരായിരിക്കും പരാതി നൽകിയിട്ടുണ്ടാവുക. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ചുള്ള അളിഞ്ഞ കാര്യങ്ങളല്ല പൊതുസമൂഹം ചർച്ച ചെയ്യേണ്ടത്. സിപിഎമ്മിന് അതിൽ താത്പര്യമില്ല. നേതാക്കളുടെപെട്ടിയും തൂക്കി ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മുകാർ. വ്യക്തതയുള്ള കാര്യങ്ങളേ പറയൂ.
സതീശന്റെ പാർട്ടിയല്ലല്ലോ സിപിഎം. സതീശൻ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങൾ പറയുന്നത്. സതീശന്റെ നെഞ്ചത്ത് രാഹുൽ കയറി. അപ്പോൾ സതീശൻ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ സതീശൻ തിരിച്ചടിച്ചു’ -സുരേഷ് ബാബു പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഹെഡ്‌മാസ്റ്ററാണ് ഷാഫിയെന്നും നല്ലൊരാളെ കണ്ടാൽ ഹെഡ്‌മാസ്റ്റർ ബംഗളൂരുവിലേക്ക് വിളിക്കുമെന്നുമാണ് ഇന്നലെ സുരേഷ്ബാബു പറഞ്ഞത്. ‘‘നേതാക്കൾ പേടിക്കുന്നത് വേറെയൊന്നും കൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എം.എൽ.എ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന ഷാഫി പറമ്പിലാണ്. രാഹുൽ രാജിവെക്കണം എന്ന് പറയാൻ ഷാഫി പറമ്പിൽ തയാറാകുമോ? തയ്യാറാകില്ല. കാരണമെന്താ? ഇക്കാര്യത്തിൽ കൂട്ടുകച്ചവടമാണ്. ഇവനെക്കാൾ കൂടുതൽ, ചില ആളുകളെ കാണുമ്പോൾ പരസ്യമായി നേരിട്ട് ചോദിക്കുകയാണെന്നാണ് പറയുന്നത്. അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല.
സത്യം പറഞ്ഞാൽ അതിശയം തോന്നുകയാണ്. ഒരാളെ നന്നായി കണ്ടാൽ ഹെഡ്മാഷ്, ബംഗളൂരുവിലേക്ക് ട്രിപ്പടിക്കുകയല്ലേയെന്നാണ് ചോദിക്കുന്നത്. അപ്പോൾ പിന്നെ രാഹുലിനെതിരെ എന്തെങ്കിലും മിണ്ടുമോ? ഹെഡ്മാഷിനും മുകളിലുള്ള അധ്യാപകരാണ് ബാക്കിയെല്ലാവരും. അതുകൊണ്ടാണ് ഇയാൾക്കെതിരെ ഒരക്ഷരം മിണ്ടാത്തത്. വി.ഡി. സതീശൻ പുറത്താക്കിയെന്ന് പറയാൻ ഒരു പ്രധാന കാരണമുണ്ട്. അത് ഞങ്ങൾ പിന്നെ വെളിപ്പെടുത്താം. കേറിക്കേറി മുറത്തിൽക്കയറി കൊത്തിയെന്നാണ് കേൾക്കുന്നത്.’’ -സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഇന്നലെ സുരേഷ് ബാബു രംഗത്തെത്തിയിരുന്നു. ആദ്യ പ്രസ്താവനയിലെ പരാമർശത്തിൽ താൻ ഷാഫി പറമ്പിൽ എന്ന പേര് പറഞ്ഞിട്ടില്ലെന്നും ഷാഫി നിയമപരമായി നീങ്ങട്ടെയെന്നുമായിരുന്നു വിശദീകരണം. ‘‘രാഹുലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ, ഷാഫി തന്നെ അത് ഏറ്റെടുത്തു. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളിയുണ്ടോയെന്ന് നോക്കുന്നത്. പറയേണ്ടത് പറയാൻ ശേഷിയുള്ളതുകൊണ്ടാണ് ഞാൻ പറഞ്ഞത്. തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടും’ - ഇ എൻ സുരേഷ് ബാബു പറഞ്ഞു.
അതേസമയം, സി.പി.എം ജില്ല സെക്രട്ടറിയുടേത് അധിക്ഷേപമാണെന്നും മറുപടി അർഹിക്കുന്നില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. ഇതാണോ സി.പി.എമ്മിന്റെ 2026ലെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതൃത്വം വ്യക്തമാക്കണം. ഒരു ജില്ല സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതാണോ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയെന്ന് സംസ്ഥാന സെക്രട്ടറിയും ജനറൽ സെക്രട്ടറി എം.എ. ബേബിയും മറുപടി പറയണം. ജനങ്ങളുടെ മുന്നില്‍ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അധിക്ഷേപമുന്നയിച്ച് വ്യക്തിഹത്യ നടത്തി ചര്‍ച്ചകളുണ്ടാക്കുന്നത്. ആദ്യം തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോൾ പുതിയ ആയുധമിറക്കുകയാണ്. എല്ലാം ജനങ്ങൾക്കറിയാം. നിയമനടപടി ആലോചിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് ഉത്തരം നല്‍കിയിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നും ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

