‘ഷാഫിയുടെ ഷോയാണ് നമ്മൾ ഇന്നലെ അവിടെ കണ്ടത്’ -ഡി.വൈ.എഫ്.ഐ നേതാവ് വി.കെ. സനോജ്; ‘വഴിയിൽ കൂടി നടക്കുന്ന ഷാഫിക്കാണോ മർദനമേറ്റത്?’
text_fieldsകോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയെ പൊലീസ് മർദിച്ചതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഷാഫിയുടെ ഷോയാണ് ഇന്നലെ പേരാമ്പ്രയിൽ കണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘അവിടെ വഴിയിൽ കൂടി നടന്നു പോകുമ്പോഴാണോ ഷാഫി പറമ്പിലിന് മർദനമേറ്റത്? അല്ല. പരിപാടിയിൽ പങ്കെടുക്കുന്ന സമയത്താണ്. നൂറുകണക്കിന് ക്രിമിനൽ സംഘത്തെ ഇറക്കിയിട്ട് അവിടെ അക്രമത്തിന് പുറപ്പെടുന്ന സന്ദർഭത്തിലാണ് മർദനമേറ്റത്. പോലീസിന് നേരെ ബോധപൂർവ്വം ഈ സംഘം കയ്യേറ്റം നടത്തി. ഈ സംഘത്തിനിടയിലാണ് ഷാഫി ഉണ്ടായിരുന്നത്’ -സനോജ് പറഞ്ഞു.
‘ഷാഫിയും സംഘവും കൂടി പൊലീസിന് നേരെ കയ്യേറ്റം നടത്തുന്ന നിരവധി വിഡിയോ ദൃശ്യങ്ങൾ നമുക്ക് കാണാൻ കഴിയും. അത്തരം സാഹചര്യത്തിൽ പൊലീസ് കൈയും കെട്ടി നോക്കി നിൽക്കണോ? സ്വാഭാവികമായിട്ടും പൊലീസ് പ്രതിരോധിക്കില്ലേ? കോൺഗ്രസുകാർ ഷാഫിയെ കാത്തിട്ട് ഒന്നര മണിക്കൂർ ഗതാഗത തടസ്സം ഉണ്ടാക്കി പേരാമ്പ്ര ഉപരോധിച്ചു. സ്വാഭാവികമായിട്ടും പൊലീസ് അവിടെ ഇടപെടണമായിരുന്നു. ഗുണ്ടാസംഘവുമായി നടക്കുന്ന ഒരു നേതാവാണ് ഷാഫി പറമ്പിൽ’ -സനോജ് പറയുന്നു.
അതിനിടെ, പേരാമ്പ്രയിൽ കണ്ണീർവാതക പ്രയോഗത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതെന്ന പൊലീസ് വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. പ്രവർത്തകർ അടക്കമുള്ള ആൾക്കൂട്ടം നോക്കി നിൽക്കെ ഷാഫിയെ പൊലീസ് ലാത്തി ഉപയോഗിച്ച് ആവർത്തിച്ച് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പേരാമ്പ്രയിൽ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തപ്പോൾ അനുനയിപ്പിക്കാനെത്തിയതാണ് ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾ. ഇതിനിടെ, മുഖാമുഖം നിന്ന പൊലീസുകാർ ഷാഫിയുടെ തലയ്ക്കും മുഖത്തും ലാത്തികൊണ്ട് ആവർത്തിച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ഇതിലുണ്ട്.
എന്നാൽ, മർദിച്ചിട്ടില്ലെന്നും ടിയർ ഗ്യാസ് പൊട്ടിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതാകാം എന്നുമാണ് പൊലീസ് പറഞ്ഞത്. ഈ വാദം തികച്ചും തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിഡിയോ ദൃശ്യം. ഷാഫി പറമ്പിലിന്റെ തലയ്ക്കും മുഖത്തും പൊലീസ് ലാത്തി ഉപയോഗിച്ച് മനഃപൂർവം മർദിച്ചെന്ന് ഇന്നലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.
തല്ലുന്ന പൊലീസുകാരന്റെയും എംപിയുടേയും മുഖവും ലാത്തിയടിയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പൊലീസ് അതിക്രമത്തിൽ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പൊലീസ് ഷാഫി പറമ്പിലിനെ തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങൾ.
പുതിയ ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഇതിനിടെ, ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് കോൺഗ്രസ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

