‘ശിപാർശക്ക് മാത്രം അധികാരം; തുടർനടപടി അന്വേഷിക്കാറില്ല’; പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പരിമിതി വെളിപ്പെടുത്തി ചെയർമാൻ
text_fieldsതിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നടപടിക്ക് ശിപാർശ ചെയ്യാൻ മാത്രമാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് അധികാരമുള്ളതെന്ന് ചെയർമാൻ റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ. അതോറിറ്റി എന്നാൽ കോടതിയോ ട്രൈബ്യൂണലോ അല്ല. ശിപാർശയിൽ എന്ത് നടപടി എടുത്തുവെന്ന് അറിയേണ്ട കാര്യമില്ല. നടപടി സംബന്ധിച്ച് കമീഷൻ ‘ഫോളോഅപ്’ നടത്തുന്നില്ല. ഇതുവരെ കമീഷൻ നടത്തിയ ശിപാർശയിൽ എത്ര എണ്ണത്തിൽ നടപടിയുണ്ടായി എന്ന കണക്കും എടുത്തിട്ടില്ല. അത് ശേഖരിച്ചിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
താനൂർ ബോട്ടപകടം സംബന്ധിച്ച അന്വേഷണ കമീഷൻ ചെയർമാൻ കൂടിയായ ജസ്റ്റിസ് വി.കെ. മോഹനൻ ഇതിലെ രണ്ടാംഘട്ട തെളിവെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിലാണ് കസ്റ്റഡി മർദനങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പരിമിതികൾ വിവരിച്ചത്. 2012ൽ കമീഷൻ രൂപവത്കരിച്ച ശേഷം ഇതുവരെ ലഭിച്ചത് 5218 പരാതികളാണ്. ഇതിൽ 5152 എണ്ണം തീർപ്പാക്കി. 66 കേസ് മാത്രമാണ് തീർപ്പാക്കാനുള്ളത്. അതോറിറ്റിക്ക് മുന്നിലെത്തുന്ന പരാതികൾ കുറഞ്ഞുവരികയാണ്. 2014ൽ 671 പരാതി ലഭിച്ചപ്പോൾ 2015ൽ 645 എണ്ണം കിട്ടി. 2016ൽ 626, 2017ൽ 808, 2018ൽ 435, 2019ൽ 346, 2020ൽ 234, 2021ൽ 272 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. 2024ൽ 94 ആയും 2025ൽ 45 ആയും പരാതികൾ കുറഞ്ഞു.
കമീഷനിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതുകൊണ്ടല്ലേ പരാതിക്കാർ കുറയുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കമീഷന്റെ പരിമിതികൾ ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ പ്രതിരോധിച്ചത്. കമീഷൻ ചെയർമാന് കൂടുതൽ അധികാരം നൽകുന്നവിധം ആക്ടിൽ ഭേദഗതി വരുത്തുന്നതടക്കമുള്ള നടപടികളാണ് പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിലെ കസ്റ്റഡി മർദനങ്ങളടക്കമുള്ള പരാതികൾ പരിശോധിക്കാൻ സൈന്യത്തിലുള്ളതുപോലെ കോർട്ട്മാർഷൽ പോലുള്ള സംവിധാനങ്ങളുടെ സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

