കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ കാലിക്കുപ്പികളും മാലിന്യവും: പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്ക് സ്ഥലംമാറ്റം
text_fieldsപൊൻകുന്നം: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന് മുന്നിൽ കാലിക്കുപ്പികളും മാലിന്യവും വകുപ്പ് മന്ത്രി ഗണേഷ്‌കുമാർ കണ്ടെത്തിയ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്ക് സ്ഥലംമാറ്റം. ബസ് ഡ്രൈവർ ജെയ്‌മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്. സജീവ്, മെക്കാനിക്കൽ വിഭാഗത്തിലെ ചാർജ്മാൻ വിനോദ് എന്നിവരെ സ്ഥലം മാറ്റിയാണ് ചീഫ് ഓഫിസിൽ നിന്ന് ഉത്തരവെത്തിയത്.
ജെയ്‌മോൻ ജോസഫിനെ തൃശൂർ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂർ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണ് മാറ്റിയത്. ഈ മാസം ഒന്നിനായിരുന്നു നടപടിക്കിടയാക്കിയ സംഭവം. മുണ്ടക്കയത്ത് നിന്ന് രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആർ.എസ്.സി 700 നമ്പർ ബസിന് പിന്നാലെയെത്തിയ മന്ത്രി, ബസിനെ മറികടന്നപ്പോൾ കൊല്ലം ആയൂരിൽ വെച്ചാണ് മുൻവശത്തെ ചില്ലിനോട് ചേർന്ന് കുടിവെള്ളക്കുപ്പികൾ നിരത്തിയിട്ടത് കണ്ടത്. പിന്നീട് മന്ത്രി ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു. ബസ് വൃത്തിഹീനമാണെന്നും ശുചിയാക്കാറില്ലെന്നും അതിനാൽ റിപ്പോർട്ട് നൽകാനും മന്ത്രി സ്‌ക്വാഡിനോട് ആവശ്യപ്പെട്ടു. ബസ് വൃത്തിഹീനമാണെന്നും കഴുകിയിട്ടില്ലെന്നും അവർ റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് വകുപ്പുതല നടപടി.
സ്ഥലംമാറ്റം നേരിട്ട കെ.എസ്. സജീവ് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടിയു) ജില്ല ട്രഷററാണ്. ഡ്രൈവർ ടി.ഡി.എഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരൻ ബി.എം.എസ് അംഗവുമാണ്. യൂനിയനുകളോ നടപടിക്കിരയായവരോ പ്രതികരിച്ചില്ല. എന്നാൽ, ജീവനക്കാരിൽ പലരും നടപടിയിൽ അതൃപ്തിയുള്ളവരാണ്. ബസ് വൃത്തിയാക്കുന്നതിന് രണ്ട് ദിവസ വേതനക്കാർക്കാണ് ചുമതല. അതിലൊരാൾ ചികിത്സയിലായതിനാൽ അവധിയിലാണ്. ഒരാൾ മാത്രമുള്ളതിനാൽ എല്ലാദിവസവും എല്ലാ ബസുകളും കഴുകാറില്ലെന്നും ഇവർ സൂചിപ്പിച്ചു.
പഴയമോഡൽ ബസുകളിൽ കുടിവെള്ള കുപ്പികൾ സൂക്ഷിക്കാൻ റാക്കില്ലാത്തതിനാൽ ജീവനക്കാർ കുപ്പികൾ മുന്നിലെ ചില്ലിന് സമീപം വെക്കാറുണ്ട്. ഇതാണ് നടപടിക്കിടയാക്കിയ വിഷയമെന്നാണ് ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

