രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫിസ് പൂട്ടാനെത്തി ബി.ജെ.പി; പ്രതിഷേധം
text_fieldsബി.ജെ.പി ഈസ്റ്റ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫിസ് ഉപരോധിക്കുന്നു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫിസ് താഴിട്ടുപൂട്ടാനെത്തി ബി.ജെ.പി പ്രവർത്തകർ. പൊലീസ് തടഞ്ഞതോടെ പ്രതിഷേധവും ഉപരോധവും. പ്രതിഷേധിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എയുടെ പാലക്കാട്ടേക്കു വരാനുള്ള നീക്കം പ്രതിരോധിക്കുന്നതിനായാണ് ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫിസ് ഉപരോധിച്ചതും താഴിട്ടുപൂട്ടാന്‍ ശ്രമിച്ചതും. രാഹുല്‍ ശനിയാഴ്ച പാലക്കാട് എത്തുമെന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പി പ്രതിഷേധം.
രാഹുല്‍ നിയമസഭയിലെത്തിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും ബി.ജെ.പി ഒത്തുതീര്‍പ്പിന് തയാറല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സമരം നടത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഏറെനേരം സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. എം.എൽ.എ ഓഫിസ് ഉപരോധം ജില്ല വൈസ് പ്രസിഡന്റ് സി. മധു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം. ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ. ഷൺമുഖൻ, ജില്ല ഭാരവാഹികളായ ഹരി പട്ടിക്കര, കെ.എം. ബിന്ദു, സുമലത മുരളി, എം. സുനിൽ, കണ്ണൻ പുതുശ്ശേരി, കവിത മേനോൻ, രമേഷ് കണ്ണാടി, ഗിരീഷ് ബാബു, ആർ.ജി. മിലൻ, നഗരസഭ കൗൺസിലർമാരായ മിനി കൃഷ്ണകുമാർ, പി. ശിവകുമാർ എന്നിവർ നേതൃത്വം നൽകി.
പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് പാലക്കാട് മേഖല പ്രസിഡന്റ് കെ. നാരായണൻ, ജില്ല ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ, ജില്ല ഭാരവാഹികളായ ജി. പ്രഭാകരൻ, ടി. ബേബി, കെ.എം. ബിന്ദു, സുമംഗല, സുമലത മുരളി, സുമതി സുരേഷ്, കണ്ണൻ പുതുശ്ശേരി, കവിത മേനോൻ, രാജു കാട്ടുമറ്റം, സാജു സെബാസ്റ്റ്യൻ, കെ. വേണു, വി. ശരവണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

