അയ്യപ്പ സംഗമത്തിന് പ്രതിനിധികൾ താമസിച്ചത് ആഡംബര റിസോർട്ടുകളിൽ; ഇതിന് മുൻകൂറായി അനുവദിച്ചത് 12.76 ലക്ഷം രൂപ
text_fieldsതിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെത്തിയ ‘വി.ഐ.പി’ പ്രതിനിധികൾ താമസിച്ചത് ആഡംബര റിസോർട്ടുകളിൽ. മുറിവാടകയിനത്തിൽ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോർഡ് ചെലവഴിച്ചതിന്‍റെ രേഖകൾ പുറത്ത്. പമ്പയിലാണ് അയ്യപ്പ സംഗമം നടന്നതെങ്കിലും പങ്കെടുത്ത പ്രതിനിധികൾ താമസിച്ചത് കുമരകത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലുമാണ്. 12,76,440 രൂപയാണ് ഇതിനായി ചെലവഴിച്ചത്.
കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോർട്ടിന് 3,39,840 രൂപയും പാർക്ക് റിസോർട്ടിന് 80,000 രൂപയും കെ.ടി.ഡി.സി ഗേറ്റ് വേ റിസോർട്ടിന് 25,000 രൂപയുമാണ് മുൻകൂറായി അനുവദിച്ചത്. ഇതുസംബന്ധിച്ച് സെപ്റ്റംബർ 17ന് ഉത്തരവിറങ്ങിയിരുന്നു.
എന്നാൽ, ആഗോള അയ്യപ്പ സംഗമത്തിൽ വി.ഐ.പികൾ ഇല്ല, എല്ലാവരും തുല്യരാണെന്നുള്ള വാദമാണ് സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിരുന്നത്. 4500ഓളം പ്രതിനിധികൾ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡിന്‍റെ അവകാശവാദം. ഇവരിൽ ആർക്കൊക്കെയാണ് റിസോർട്ടിൽ താമസസൗകര്യം ഒരുക്കിയതെന്നത് സംബന്ധിച്ച് വിവരം സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.
അയ്യപ്പ സംഗമത്തിന് സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ പണം ചെലവാക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയിരുന്ന ഉറപ്പ്. ഇത് ലംഘിച്ച് ഇവന്‍റ് മാനേജ്മെന്‍റ് ടീമിന് മൂന്ന് കോടി നൽകിയവിവരം ശനിയാഴ്ച പുറത്തുവന്നിരുന്നു. ഈ തുക 'റിലീജിയസ് കൺവെൻഷൻ ആൻഡ് ഡിസ്കോഴ്സ്' എന്ന ഹെഡിൽ നിന്നാണ് അനുവദിച്ചതെന്ന് ദേവസ്വം ബോർഡ് അംഗം എ. അജികുമാർ വ്യക്തമാക്കുകയും ചെയ്തു. അതിനുപിന്നാലെയാണ് റിസോർട്ട് വാസത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

