‘പൊലീസ് നയം ലംഘിക്കുന്നതിൽ നടപടി വേണം; അയ്യപ്പസംഗമം എതിർക്കേണ്ടതില്ല’ -സി.പി.ഐ
text_fieldsആലപ്പുഴ: ഇടത് സർക്കാറിന്റെ പൊലീസ് നയമല്ല പുറത്തുവരുന്നതെന്നും ചിലർക്ക് യൂനിഫോം ഇടുമ്പോൾ പലതും തോന്നുന്നുണ്ടെങ്കിൽ അവരെ തിരുത്തുകയും അന്വേഷിച്ച് നടപടി സ്വീകരിക്കുകയും വേണമെന്നാണ് സി.പി.ഐ നിലപാടെന്നും സംസ്ഥാന സമ്മേളന നടപടികൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. ഇടതുമുന്നണിയുടെ പൊലീസ് നയത്തെ എതിർക്കുന്നവർ അപൂർവമാണ്. പൊലീസ് പൊതുവിൽ ജനസൗഹൃദമാണ്.
വിശ്വാസികൾക്കുവേണ്ടി നിലകൊള്ളുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിർപ്പില്ല. അന്ധവിശ്വാസത്തിലാണ് പ്രശ്നം. ഭക്തരുമായുള്ള ജനാധിപത്യ ആശയവിനിമയ വേദിയാണ് ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പസംഗമം. അതിൽ സർക്കാർ അഭിപ്രായം പറയുകയോ ഇടപെടുകയോ ചെയ്യരുത് എന്നുപറയുന്നത് അംഗീകരിക്കാനാവില്ല.
മദ്യപിക്കുന്നവർ മാത്രമല്ലല്ലോ മദ്യത്തെക്കുറിച്ച് പറയുക. ഇക്കാര്യത്തിൽ ബി.ജെ.പിക്ക് അജണ്ടയുണ്ട്. അയ്യപ്പസംഗമത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. യുവതി പ്രവേശനം സുപ്രീംകോടതിയുടെ തീരുമാനമാണ്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ, ഇതിനെ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായിക്കണ്ട് ചിലർ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു.
സർക്കാർ പ്രവർത്തനത്തിന് മുൻഗണനാക്രമം നിശ്ചയിച്ചതിനാലാണ് കുടിശ്ശികയായ സാമൂഹികക്ഷേമ പെൻഷൻ കൊടുത്തുതീർത്തതെന്നും സ്വാഗതസംഘം ചെയർമാൻ പി. പ്രസാദ്, ജനറൽ കൺവീനർ ടി.ജെ. ആഞ്ചലോസ്, പി.പി. സുനീർ എന്നിവർ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വിമർശനം
സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിനിധികൾ. പ്രതിനിധി സമ്മേളനത്തിനിടയിൽ സംഘടിപ്പിച്ച ‘മതേതരത്വത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും ഭാവി’ സെമിനാർ ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി, സി.പി.ഐയെക്കുറിച്ച് ഒരുവാക്കും പറഞ്ഞില്ലെന്നായിരുന്നു വിമർശനം.
സെമിനാർ ഉദ്ഘാടനംചെയ്ത് ഒന്നരമണിക്കൂറോളം സംസാരിച്ച മുഖ്യമന്ത്രി സി.പി.ഐ എന്ന വാക്ക് ഒരുതവണപോലും പറഞ്ഞില്ലത്രെ. സെമിനാറിൽ മുഖ്യാതിഥിയായ നടൻ പ്രകാശ് രാജിന്‍റെ സമയംകൂടി മുഖ്യമന്ത്രി അപഹരിച്ചതായി മറ്റു ചില പ്രതിനിധികളും വിമർശനമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

