ടച്ചിങ്സ് നൽകിയില്ല, ബാറിൽ നിന്ന് ഇറക്കിവിട്ടതിൽ പക, ഒളിച്ചിരുന്ന് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു
text_fieldsതൃശൂർ: ടച്ചിങ്സ് നൽകാത്തതിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അളഗപ്പ നഗര്‍ സ്വദേശി സിജോ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടച്ചിങ്‌സ് നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പുതുക്കാട് മേഫെയര്‍ ബാറിന് മുന്നില്‍ വെച്ചാണ് സംഭവം. ഞായറാഴ്ച രാവിലെ സിജോ ജോണ്‍ എന്ന നാല്‍പ്പതുകാരന്‍ ബാറിലെത്തി മദ്യപിക്കുകയും ഭക്ഷണം കഴിക്കുന്നതുപോലെ നിരന്തരം ടച്ചിങ്സ് ആവശ്യപ്പെടുകയും ചെയ്തു. എട്ടുതവണയാണ് ടച്ചിങ്‌സ് ആവശ്യപ്പെട്ടത്. ഒടുവില്‍ ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി ജീവനക്കാരുമായി തർക്കമായി. ഉന്തു തള്ളുമുണ്ടായി. ഒടുവില്‍ സിജോ ജോണിനെ ബാറില്‍ നിന്ന് ജീവനക്കാര്‍ ചേര്‍ന്ന് ഇറക്കിവിട്ടു. നിന്നെയൊക്കെ കാണിച്ചു തരാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടാണ് യുവാവ് ബാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതെന്ന് ബാര്‍ ജീവനക്കാര്‍ പറയുന്നു.
പുതുക്കാടുനിന്നും തൃശൂരിലേക്ക് പോയി പ്രതി ഒരു കത്തി വാങ്ങി. വീണ്ടും ബാറിൽ കയറി മദ്യപിച്ച പ്രതി ഹേമചന്ദ്രൻ പുറത്ത് വരുന്നതും നോക്കി കാത്തുനിൽക്കുകയായിരുന്നു. രാത്രി 11.30ന് ബാര്‍ അടച്ച ശേഷം ഹേമചന്ദ്രൻ ഭക്ഷണം കഴിക്കാനായി മുന്നിലുള്ള ചായക്കടയിലെത്തി. ഈ സമയത്താണ് ഒളിച്ചിരുന്ന സിജോ ജോണ്‍ ഹേമചന്ദ്രനെ ആക്രമിച്ചത്. കൈയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് ഹേമചന്ദ്രന്റെ കഴുത്തില്‍ കുത്തിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഹേമചന്ദ്രനെ ഉടനെ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ച രണ്ടരയോടെ പ്രതി പിടിയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

