വി.എച്ച്.പി പരാതിയിൽ മൂന്ന് ക്രിസ്ത്യാനികൾ യു.പിയിൽ അറസ്റ്റിൽ; മതംമാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് കേസ്
text_fieldsയു.പിയിൽ വി.എച്ച്.പി നൽകിയ പരാതിയിൽ അറസ്റ്റിലായ ക്രൈസ്തവ പുരോഹിതർ
പ്രയാഗ് രാജ്: മതംമാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ മൂന്ന് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് പ്രയാഗ് രാജ് ജില്ലയിലെ ഫുൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹരിഭൻപൂർ ഗ്രാമത്തിലാണ് സംഭവം. രാംകുമാർ പാൽ, രാംശരൺ ഗൗതം, ത്രിഭുവൻ ഗൗതം, സരിത ഗൗതം എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഒരാൾ ഓടി ഒളിച്ചതായും പൊലീസ് പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.
സംഘ്പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവും ബജ്‌രംഗ് ദൾ ജില്ലാ സഹ കൺവീനറുമായ ശാന്തനു തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ക്രിസ്ത്യൻ മിഷനറിമാർ രഘുനാഥ്പൂർ ഗ്രാമത്തിൽ ഹിന്ദുക്കളെ കൂട്ടത്തോടെ മതംമാറ്റുന്നുവെന്നായിരുന്നു പരാതി. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമത്തിൽ നടന്ന ചർച്ചാ സംഗമം പരിപാടി ശാന്തനു തിവാരിയും സംഘവും അതിക്രമിച്ചുകയറി അലങ്കോലപ്പെടുത്തി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 'സാമൂഹിക ചർച്ച' എന്ന പേരിൽ മതപരമായ ഒത്തുചേരലാണ് സംഘടിപ്പിച്ചതെന്നും അവിടെ ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും വി.എച്ച്.പി ആരോപിച്ചു.
‘ക്രിസ്ത്യൻ മിഷനറിമാർ ഗ്രാമീണരെ അവരുടെ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നത് കണ്ടു. ക്രിസ്തുമതം സ്വീകരിക്കുന്നവർക്ക് പണം, വസ്ത്രങ്ങൾ, മറ്റ് ഭൗതിക ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നു. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങൾ മാറ്റി യേശുക്രിസ്തുവിന്റെ ചിത്രങ്ങൾ വീട്ടിൽ സ്ഥാപിച്ചാൽ പണവും മിഷനറി സ്കൂളുകളിൽ ജോലിയും നൽകുമെന്ന് ഹിന്ദുക്കളോട് പറഞ്ഞു. ദുർബലരായ ഗ്രാമീണരെ ചൂഷണം ചെയ്യുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഇത് ഹിന്ദു സമൂഹത്തിന് പൂർണ്ണമായും എതിരാണ്’ -വി.എച്ച്.പി നേതാവ് ശാന്തനു ആരോപിച്ചു.
താൻ ഈ നടപടി ചോദ്യം ചെയ്തപ്പോൾ, പ്രതികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതായും എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു എന്നും ശാന്തനു പരാതിയിൽ പറയുന്നു. ശാന്തനുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാംകുമാർ പാൽ, രാംശരൺ ഗൗതം, ത്രിഭുവൻ ഗൗതം, സരിത ഗൗതം എന്നിവർക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 352 (അതിക്രമം), 196(1), 299, കൂടാതെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം സെക്ഷൻ 3, 5(1) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹിന്ദുമത വിശ്വാസം ഉപേക്ഷിക്കാൻ പ്രതികൾ പ്രേരിപ്പിക്കുകയും ക്രിസ്തുമതത്തിലേക്ക് മാറുന്നതിന് പകരമായി സാമ്പത്തിക സഹായങ്ങളും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു എന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതായി ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. ആക്രമണം, പ്രകോപനം, നിയമവിരുദ്ധമായ മതപരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും നിയമനടപടികൾ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

