ക്രിക്കറ്റ് ബാറ്റ് മോഷണം കണ്ടു... പത്തു വയസ്സുകാരിക്ക് നഷ്ടമായത് സ്വന്തം ജീവൻ..!
text_fieldsകുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു
ഹൈദരാബാദ്: ഒരു കുഞ്ഞു മോഷണത്തിന് സാക്ഷിയായപ്പോൾ ഒന്നുറക്കെ നിലവിളിച്ചു...! അതു മാത്രമേ അവൾ ചെയ്തുള്ളൂ. എന്നാൽ, അതിനു കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ. മനസ്സാക്ഷിയെ നടുക്കുന്ന കഠിന കഠോരമായ ഒരു കൊലപാതകത്തിൽ ജീവൻ നഷ്ടമായത് പത്തു വയസ്സുകാരിക്കാണ്. ഹൈദരാബാദിലാണ് സംഭവം. സഹോദരന്റെ സുഹൃത്ത് തന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന് ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുമ്പോൾ അപ്രതീക്ഷിതമായ ആ കുറ്റത്തിന് സാക്ഷിയായതായിരുന്നു കുകട്പള്ളി സംഗീത് നഗറിലെ പത്തു വയസ്സുകാരി. അസമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവിനെ കണ്ട ബാലിക ഉറക്കെ നിലവിളിച്ചു. മോഷണം പിടിക്കപ്പെട്ടുവെന്നും, തന്നെ തിരിച്ചറിഞ്ഞുവെന്നും മനസ്സിലാക്കിയ മോഷ്ടാവ് പിന്നീട് നടത്തിയത് കൊടും ക്രൂരത. കൈയിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ച് കുട്ടിയെ തലങ്ങും വിലങ്ങും കുത്തിവീഴ്ത്തിയ അവൻ കടന്നു കളഞ്ഞു. കഴുത്തിലും വയറിലും ഉൾപ്പെടെ ശരീരത്തിൽ 21ഓളം കുത്തേറ്റ കുട്ടി ഉടൻ കൊല്ലപ്പെട്ടു.
ആഗസ്റ്റ് 18നായിരുന്നു സംഭവം. തുടർന്നു നടന്ന അന്വേഷണത്തിൽ 14കാരനായ പ്രതിയെ പൊലീസ് പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങൾ പോലുമില്ലാതിരുന്ന സാഹചര്യത്തിൽ സാഹചര്യതെളിവുകളുടെയും ചോദ്യം ചെയ്യലിന്റെയും പിൻബലത്തിലായിരുന്നു പൊലീസ് പ്രതിയിലേക്ക് എത്തിയത്.
കൊല്ലപ്പെട്ട ബാലികയുടെ സഹോദരനൊപ്പം ക്രിക്കറ്റ് കളിക്കുന്നവനായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തന്നെ പരിചയമുള്ള വീട്ടിൽ നിന്നും പണം മോഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പത്താം ക്ലാസുകാരനായ പ്രതിയെത്തിയത്. എന്നാൽ, വീട്ടിൽ കടന്ന ശേഷം പ്ലാൻ മാറ്റുകയായിരുന്നു. ക്രിക്കറ്റ് ബാറ്റുമായി കടക്കാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവിനെ ബാലിക കാണുന്നത്. വീട്ടിൽ തനിച്ചായിരുന്ന കുട്ടി നിലവിളിച്ചതോടെ ആക്രമിക്കുകയായിരുന്നു. ഏതാനും സമയങ്ങൾക്കു ശേഷം പിതാവ് വീട്ടിലെത്തിയപ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നെറ്റ്ഫ്ലിക്സ് സീരീസുകൾ കണ്ട് പ്രചോദനം ഉൾകൊണ്ടായിരുന്നു കുട്ടി കുറ്റവാളി മോഷണം ആസുത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 80,000 രൂപ മോഷ്ടിച്ച ശേഷം, ഗ്യാസ് സിലണ്ടർ തുറന്നിട്ട് തീകൊടുത്ത് രക്ഷപ്പെടാനുള്ള പദ്ധതികൾ നോട് ബുക്കിൽ കുറിച്ചിട്ടതായി പൊലീസ് പറഞ്ഞു. എന്നാൽ, വീട്ടിലെത്തിയ ശേഷം ബാറ്റ് മോഷണത്തിലേക്ക് പദ്ധതി മാറ്റുകയായിരുന്നുവത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

