മുതവല്ലിമാരുടെ വഖഫ് ദുരുപയോഗം തടയാനുള്ള നിയമമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കൾ പിടിച്ചടക്കാനും അന്യാധീനപ്പെടുത്താനും കൊണ്ടുവന്നതാണ് വിവാദ നിയമമെന്ന വാദം തള്ളി സുപ്രീംകോടതി. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ്‍വി, രാജീവ് ധവാൻ, ഹുസേഫ അഹ്മദി, സി.യു. സിങ് എന്നിവരുടെ വാദം തള്ളിയ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച്, മുതവല്ലിമാരുടെ ദുരുപയോഗം തടയാനാണ് വഖഫ് നിയമം കൊണ്ടുവന്നതെന്ന് അഭിപ്രായപ്പെട്ടു.
ഇത്തരമൊരു നിയമനിർമാണം ഭരണഘടനാ വിരുദ്ധമാണെന്ന ഇവരുടെ വാദവും ബെഞ്ച് തള്ളി. ഒന്നുകിൽ പാർലമെന്റിന് ഈ വിഷയത്തിൽ നിയമനിർമാണം നടത്താനുള്ള അധികാരം ഇല്ലാതിരിക്കണം. അതല്ലെങ്കിൽ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ ഏതെങ്കിലും മൗലികാവകാശങ്ങൾക്ക് വിരുദ്ധമാകണം. അതുമല്ലെങ്കിൽ നിയമനിർമാണത്തിന് ആധാരമായ വസ്തുതകളെക്കുറിച്ച് തർക്കമുണ്ടാകണം. എന്നാൽ പോലും നിയമനിർമാണത്തിന് ഭരണഘടന സാധുതയുണ്ട് എന്ന കാഴ്ചപ്പാടിനാണ് ഇടക്കാല ഉത്തരവിടുമ്പോൾ പ്രാമുഖ്യം നൽകുക എന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു.
മുതവല്ലിമാരുടെ അറിവോടെയും അല്ലാതെയും വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം ഉണ്ടായിട്ടുണ്ടെന്ന് 1995ലെ മൂലനിയമത്തിന്റെ ലക്ഷ്യങ്ങളിൽനിന്ന് വ്യക്തമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതവല്ലിമാർ വഖഫ് സ്വത്തുക്കൾ പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ വേണ്ടിയാണ് നിയമനിർമാണമെന്ന് 1923ലെ വഖഫ് നിയമം വ്യക്തമാക്കിയിട്ടുണ്ട്.
വഖഫ് സ്വത്തുക്കൾ പരിപാലിക്കാൻ പ്രാപ്തനല്ലാത്ത മുതവല്ലിമാരെ നീക്കം ചെയ്യാനാകാത്തതിന്റെ അസംതൃപ്തി സമുദായത്തിനും ഉണ്ടായിരുന്നു എന്ന് വ്യക്തം. അതുകൊണ്ടാണ് വഖഫ് രജിസ്ട്രേഷനുള്ള വ്യവസ്ഥ നിയമത്തിൽ വെച്ചത്. 1984ലെ നിയമത്തിലും ഈ വ്യവസ്ഥ തുടർന്നു. തുടർന്ന് വഖഫ് എൻക്വയറി കമ്മിറ്റിയുടെ ശിപാർശ പ്രകാരം 1984 ൽ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിൽ 55 ഇ വകുപ്പ് ചേർത്തുവെങ്കിലും അത് നടപ്പായില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

