ആർ.എസ്.എസ് പ്രകടനത്തിൽ അണിനിരന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന്
text_fieldsബംഗളൂരു: റായ്ച്ചൂരിൽ ആർ.എസ്.എസ് റൂട്ട്മാർച്ചിൽ പഞ്ചായത്ത് വികസന ഓഫിസർ (പി.ഡി.ഒ) കെ. പ്രവീൺ കുമാർ പങ്കെടുത്തതിനെതിരെ സാമൂഹിക പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ലിംഗസുഗുർ ബി.ജെ.പി എം.എൽ.എ മനപ്പ വജ്ജലിന്റെ പഴ്‌സണൽ അസിസ്റ്റന്റായി (പി.എ) ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന പ്രവീൺ കുമാർ ആർ.എസ്.എസ് യൂണിഫോം ധരിച്ച് കൈയിൽ വടിയുമായാണ് പ്രകടനത്തിൽ അണിനിരന്നത്. പി.ഡി.ഒയുടെ നടപടി സാമൂഹിക അസ്വാരസ്യത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയൻ നേതാവ് എച്ച്.എം. ബാബു കർണാടക ചീഫ് സെക്രട്ടറിക്കും പഞ്ചായത്ത് രാജ് മന്ത്രിക്കും കത്തെഴുതി.
ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സർക്കാർ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്തതിന് കുമാറിനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും ബാബു സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വീകരിച്ച നടപടികൾ പരിശോധിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സർക്കാർ സ്ഥാപനങ്ങളിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെയും ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ കത്ത് നൽകിയതിനെ തുടർന്നാണ് നടപടി.
സർക്കാർ സ്ഥാപനങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കാൻ തമിഴ്നാട് എന്താണ് ചെയ്തത് എന്നന്വേഷിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായി സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ ഒക്ടോബർ നാലിനാണ് കത്തയച്ചത്. സ്കൂളുകളിലടക്കം ശാഖ, സാംഘിക്, ബൈഠക് എന്നീ പേരുകളിൽ നടത്തുന്ന ആർ.എസ്.എസ് പരിപാടികൾ വിദ്യാർഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്നു എന്നാണ് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ മുദ്രാവാക്യങ്ങളാണ് ഇത്തരം പരിപാടികളിൽ ഉയർത്തുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾ, പാർക്ക്, ക്ഷേത്രം, മൈതാനം എന്നിവിടങ്ങളിലൊന്നും ശാഖകൾക്ക് അനുമതി നൽകരുതെന്നും ഖാർഗെ കത്തിലാവശ്യപ്പെട്ടു. കത്തിന്റെ കാര്യം മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

