‘ദി ടെലഗ്രാഫ്’ എഡിറ്റർ സംഘർഷൻ താക്കൂർ അന്തരിച്ചു
text_fieldsകൊൽക്കത്ത: രാജ്യത്തെ മുതിർന്ന പത്രപ്രവർത്തകനും ‘ദി ടെലഗ്രാഫ്’ എഡിറ്ററുമായ സംഘർഷൻ താക്കൂർ അന്തരിച്ചു. 63 വയസ്സായിരുന്നു. കുറച്ചു നാളുകളായി അദ്ദേഹം രോഗവുമായി മല്ലിടുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളായി അറിയപ്പെടുന്ന താക്കൂർ ദി ടെലിഗ്രാഫ്, ദി ഇന്ത്യൻ എക്സ്പ്രസ്, തെഹൽക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് സവിശേഷമായ ഒരു തൊഴിൽജീവിതം നയിച്ചു.
1962ൽ പട്നയിൽ ജനിച്ച താക്കൂർ 1984ൽ ‘സൺഡെ’യിലൂടെ തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിച്ചു. ബിഹാർ രാഷ്ട്രീയത്തെക്കുറിച്ചുള്ള കൃതികൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചു. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ ‘സബാൾട്ടേൺ സാഹേബ്’ എഴുതി. ലാലുവിനെയും നിതീഷ് കുമാറിനെയും കുറിച്ചുള്ള ‘ദി ബ്രദേഴ്‌സ് ബിഹാരി’യും അദ്ദേഹം രചിച്ചു. കാർഗിൽ യുദ്ധം, പാകിസ്താൻ, ഉത്തർപ്രദേശിലെ ജാതി ദുരഭിമാന കൊലകൾ എന്നിവയെക്കുറിച്ചുള്ള മോണോഗ്രാഫുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താക്കൂറിന്റെ വിയോഗത്തിൽ മാധ്യമ-രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി പേർ ദുഃഖം രേഖപ്പെടുത്തി. മാധ്യമലോകത്തെ നിര്‍ഭയമായ ശബ്ദമാണ് നഷ്ടമായതെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു. അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയ വിശകലനവും സത്യത്തോടുള്ള അടിയുറച്ച പ്രതിബദ്ധതയും ആഴത്തിളുള്ള നഷ്ടബോധമുണ്ടാക്കുന്നുവെന്നും ‘എക്‌സി’ലെ കുറിപ്പിലൂടെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് ജയറാം രമേശ് താക്കൂറിന് ‘എക്സി’ൽ ആദരാഞ്ജലികൾ അർപ്പിച്ചു. ‘താരതമ്യേന ചെറുപ്പത്തിൽ അന്തരിച്ച, ദി ടെലിഗ്രാഫിന്റെ എഡിറ്ററായ സംഘർഷൻ താക്കൂർ ഒരു മികച്ച എഴുത്തുകാരനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ വിശകലന വിദഗ്ദ്ധനായിരുന്നു അദ്ദേഹം. ബിഹാറിനെയും ജമ്മു കശ്മീറിനെയും കുറിച്ചുള്ള നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റെ ഖ്യാതിക്കാധാരമായി. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ നിരവധി വർഷങ്ങളിൽ സ്ഥിരതയോടെ വിവരങ്ങൾ നൽകി. പഠിപ്പിക്കുകയും ചെയ്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിൽ പെട്ടയാളായിരുന്നു അദ്ദേഹം. ലിബറൽ, ജനാധിപത്യ, മതേതര, ബഹുസ്വര ഇന്ത്യക്ക് അതിന്റെ ഏറ്റവും ശക്തരായ സംരക്ഷകരിൽ ഒരാളെ നഷ്ടപ്പെട്ടു’ എന്നും രമേശ് അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

