താക്കറെ സഹോദരങ്ങൾ ഷിൻഡെയോട് ചേർന്ന് മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത്
text_fieldsരാജ് താക്കറെയും ഉദ്ധവ് താക്കറെയും
മുംബൈ: താണെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ശിവസേനയും (യു.ബി.ടി) മഹാരാഷ്ട്ര നവനിർമാൺ സേനയും (എം.എൻ.എസ്) ഒരുമിച്ച് മത്സരിക്കുമെന്ന് രാജ്യസഭാംഗം സഞ്ജയ് റാവത്ത് പറഞ്ഞു. ഇരു പാർട്ടികളും 75 ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അദ്ദേഹത്തിന്റെ പാർട്ടിയായ ശിവസേനയുടെയും ശക്തികേന്ദ്രമായി താണെയെ കണക്കാക്കപ്പെടുന്നു.
ശിവസേനയും (യു.ബി.ടി) മഹാരാഷ്ട്ര നവനിർമാൺ സേനയും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും താണെയിൽ വിജയിക്കുകയും ചെയ്യും. ഞങ്ങളുടെ മുദ്രാവാക്യം‘ 75 ൽ കൂടുതൽ’ എന്നതാണ്" എന്ന് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.താണെ മുനിസിപ്പൽ കോർപറേഷനിൽ 131 സീറ്റുകളുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഉദ്ധവ് താക്കറെയും എംഎൻഎസ് മേധാവി രാജ് താക്കറെയും തമ്മിൽ സൗഹൃദത്തിലാണ്. ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗം പിളരുന്നതുവരെ, താണെ മുനിസിപ്പൽ കോർപറേഷനിൽ ശിവസേന ഒരു പ്രധാന ശക്തിയായിരുന്നു. മറുവശത്ത്, എൻ.സി.പിയും (ശരദ് ചന്ദ്ര പവാർ) താണെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുകയാണ്.
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക തിരുത്തുന്നതുവരെ മാറ്റിവെക്കണമെന്ന് എൻ.സി.പി (അജിത് പവാർ) ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം സതീഷ് ചവാൻ ആവശ്യപ്പെട്ടു. ഛത്രപതി സംഭാജിനഗർ നിയമസഭാ മണ്ഡലത്തിൽ മാത്രം വോട്ടർ പട്ടികയിൽ 36,000 പേരുകൾ ഇരട്ടിയായി കാണപ്പെടുന്നുണ്ടെന്ന് അദ്ദേഹം ശനിയാഴ്ച അവകാശപ്പെട്ടു. ഇത് മനഃപൂർവം ചെയ്യുന്നതാണെന്നും ഇത് ചെയ്ത ബി.എൽ.ഒമാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ചവാൻ മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയിൽ കാര്യമായ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും സമാന ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത രണ്ട് മാസത്തിനുള്ളിൽ അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തിൽ നടക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

