'ഒരു മണിക്കൂർ എടുക്കേണ്ട യാത്രക്ക് 12 മണിക്കൂർ വേണം, എന്നിട്ടും 150രൂപ ടോളോ..?'; എൻ.എച്ച്.എ.ഐയോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പാലിയേക്കരയിലെ ഗതാഗതക്കുരുക്കിൽ കിടക്കുന്നതിന് സാധാരണക്കാർ എന്തിനാണ് 150 രൂപ ടോൾ നൽകുന്നതെന്ന് ദേശീയപാത അതോറിറ്റിയോട് (എൻ.എച്ച്.എ.ഐ) സുപ്രീംകോടതി. ഒരു മണിക്കൂർ എടുക്കേണ്ട യാത്രക്ക് 11 മണിക്കൂർ അധിക സമയം എടുക്കുകയും അതിന് ടോൾ നൽകുകയും ചെയ്യണോ എന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ചോദിച്ചു.
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിൽ വാദം കേൾക്കൽ പൂർത്തിയാക്കി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
തിങ്കളാഴ്ച വാദം കേൾക്കുന്നതിനിടെ എൻ.എച്ച്.എ.ഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, പാതയിൽ തിരക്കില്ലെന്നും ഗതാഗതം സാധാരണ നിലയിലാണെന്നും വരുത്തിത്തീർക്കാൻ വിഡിയോ ഹാജരാക്കിയപ്പോൾ 12 മണിക്കൂർ ഗതാഗത തടസ്സമുണ്ടായി എന്ന പത്രവാർത്തകൾ ശ്രദ്ധയിൽപെട്ടില്ലേയെന്ന് ബെഞ്ചിലെ മലയാളി അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചോദിച്ചു.
തിരക്കില്ലാത്ത സമയം നോക്കി വിഡിയോ എടുക്കാൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ക്ഷമ വേണമെന്നും ജഡ്ജി പരിഹസിച്ചു. ലോറി അപകടത്തിൽപെട്ടതാണ് ഇതിന് കാരണമെന്ന് തുഷാർ മേത്ത ന്യായീകരിച്ചപ്പോൾ ലോറി സ്വയം അപകടത്തിൽപെട്ടതല്ലെന്നും പാതയിലെ കുഴിൽ വീണുണ്ടായ അപകടമാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ മറുപടി നൽകി. കഴിഞ്ഞ 15 ദിവസത്തെ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങൾ തടസ്സ ഹരജിക്കാരനായ ഷാജി കോടങ്കണ്ടത്തിനുവേണ്ടി ഹാജരായ അഡ്വ. ജയന്ത് മുത്തുരാജും കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
വാദം കേൾക്കുന്നതിനിടെ 65 കിലോമീറ്റർ ദൂരത്തിന് എത്ര രൂപയാണ് ടോളായി ഈടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 150 രൂപയാണെന്ന് മറുപടി ലഭിച്ചപ്പോൾ 65 കിലോമീറ്റർ യാത്ര ചെയ്യാൻ 12 മണിക്കൂറെടുക്കുമെങ്കിൽ എന്തിനാണ് സാധാരണക്കാർ 150 രൂപ ടോളായി നൽകുന്നതെന്ന് എൻ.എച്ച്.എ.ഐയോട് ചോദിക്കുകയായിരുന്നു.
ടോൾ നിർത്തലാക്കിയതുമൂലമുണ്ടായ നഷ്ടം എൻ.എച്ച്.എ.ഐയിൽനിന്ന് ഈടാക്കാൻ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് ഹൈകോടതി അനുമതി നൽകിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് എൻ.എച്ച്.എ.ഐ ചൂണ്ടിക്കാട്ടി. ദേശീയപാത കടന്നുപോകുന്ന കവലകളുടെയും അടിപ്പാതകളുടെയും അറ്റകുറ്റപ്പണികൾക്കുള്ള കരാർ മൂന്നാം കക്ഷികൾക്കാണ് നൽകിയിരിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് പ്രധാന കരാറുകാരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

