‘എന്റെ തലച്ചോറിന് പ്രതിമാസം 200 കോടി രൂപയാണ് വില,’ പണമുണ്ടാക്കാൻ എന്തും ചെയ്യുന്ന ആളല്ലെന്നും നിതിൻ ഗഡ്കരി
text_fieldsനാഗ്പൂർ: തൻറെ തലച്ചോറിന് പ്രതിമാസം 200 കോടി വിലയുണ്ടെന്നും പണമുണ്ടാക്കാൻ എന്തും ചെയ്യുന്നയാളല്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. താൻ ആവിഷ്‍കരിക്കുന്ന സംരംഭങ്ങൾ കൃത്യമായ ആശങ്ങളുടെ അടിത്തറയുള്ളവയാണ്. വ്യക്തിപരമായ സാമ്പത്തിക നേട്ടമല്ല, കർഷകർക്ക് പ്രയോജനമുണ്ടാവുക എന്നതാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു.
‘ഞാൻ ഇത് പണത്തിനു വേണ്ടി ചെയ്യുന്നതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സത്യസന്ധതയോടെ എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം. ഞാൻ പണത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല,’ നാഗ്പൂരിൽ അഗ്രിക്കോസ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ ഗഡ്കരി പറഞ്ഞു.
രാഷ്ട്രീയക്കാർ പലപ്പോഴും സ്വന്തം നേട്ടത്തിനായി ഭിന്നിപ്പുകളെ ചൂഷണം ചെയ്യാറുണ്ട്. പിന്നോക്കാവസ്ഥ ഒരു രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.
‘എനിക്കും ഒരു കുടുംബവും വീടും ഉണ്ട്. ഞാൻ ഒരു സന്യാസിയല്ല, രാഷ്ട്രീയക്കാരനാണ്. വിദർഭയിലെ 10,000ലധികം കർഷക ആത്മഹത്യകൾ രാജ്യത്തിനാകെ നാണക്കേടാണെന്നാണ് വിശ്വസിക്കുന്നത്. കർഷകർ അഭിവൃദ്ധി പ്രാപിക്കുന്നതുവരെ ശ്രമങ്ങൾ തുടരും,’ അദ്ദേഹം പറഞ്ഞു. തന്റെ മകനെതിരെ ഉയർന്ന ആരോപണത്തിലും ഗഡ്കരി വിശദീകരണം നൽകി.
മകന് താൻ ആശയങ്ങൾ മാത്രമേ നൽകാറുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. മകന് കയറ്റുമതി-ഇറക്കുമതി വ്യാപാരമുണ്ട്. അദ്ദേഹം അടുത്തിടെ ഇറാനിൽ നിന്ന് 800 കണ്ടെയ്നർ ആപ്പിൾ ഓർഡർ ചെയ്തു, ഇവിടെ നിന്ന് 1,000 കണ്ടെയ്നർ വാഴപ്പഴം കയറ്റി അയച്ചു. ഗോവയിൽ നിന്ന് 300 കണ്ടെയ്നർ മത്സ്യം കൊണ്ടുപോയി സെർബിയയിലേക്ക് വിതരണം ചെയ്തു. ഓസ്‌ട്രേലിയയിൽ പാൽപ്പൊടി ഉണ്ടാക്കുന്ന ഒരു ഫാക്ടറിയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അബുദാബിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും 150 കണ്ടെയ്നറോളം കയറ്റുമതിയുണ്ട്.-അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ടി.സിയുമായി സഹകരിച്ച് തന്റെ മകൻ 26 അരി മില്ലുകൾ നടത്തുന്നുണ്ട്. ബിസിനസ് തന്ത്രങ്ങൾക്ക് കാർഷിക മേഖലയിൽ മാറ്റമുണ്ടാക്കാനാവും എന്നാണ് മകന്റെ സംരംഭങ്ങൾ വ്യക്തമാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
എല്ലാ ഇന്ധന സ്റ്റേഷനുകളിലും എത്തനോൾ രഹിത പെട്രോൾ (ഇ0) നിർബന്ധമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം. ദേശീയ നയത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് കേന്ദ്രം ഹരജിയെ എതിർത്തിരുന്നു.
2023 ഏപ്രിലിൽ ഇന്ത്യ രാജ്യവ്യാപകമായി 20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ (ഇ20) പുറത്തിറക്കി. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും അസംസ്കൃത എണ്ണ ഇറക്കുമതി കുറക്കുന്നതിനും പ്രധാന ചുവടുവയ്പ്പായാണ് പരിപാടി അവതരിപ്പിക്കപ്പെട്ടത്.
എന്നാൽ, പ്രതിപക്ഷ പാർട്ടികളും വിദഗ്ദരുമടക്കമുള്ളവർ പദ്ധതിക്കെതിരെ രംഗത്തെത്തുകയായിരുന്നു. എത്തനോൾ കലർന്ന ഇന്ധനം വാഹനങ്ങളുടെ കാര്യക്ഷമതയെയും ഈടുനിൽപ്പിനെയും ബാധിക്കുമെന്ന് ഉപഭോക്താക്കളും ഓട്ടോമൊബൈൽ വിദഗ്ധരും ഉൾപ്പെടെയുള്ള വിമർശകർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

