രാജ്യം സ്വതന്ത്രമായി എഴുപത്തിയഞ്ച് വർഷം കഴിഞ്ഞിട്ടും ജാതിയുടെ പേരിൽ മനുഷ്യരെ ക്ഷേത്രത്തിൽ കയറാൻ അനുവദിക്കാത്തത് അത്യന്തം ഞെട്ടിക്കുന്ന വസ്തുത -മദ്രാസ് ഹൈക്കോടതി
text_fieldsmariyamman
ചെന്നൈ: രാജ്യം സ്വതന്ത്രമായി എഴുപത്തിയഞ്ച് വർഷം കഴിഞ്ഞിട്ടും ജാതിയുടെ പേരിൽ മനുഷ്യരെ ക്ഷേത്രത്തിൽ കയറാൻ അനുവദിക്കാത്ത അവസ്ഥ അത്യന്തം ഞെട്ടിക്കുന്ന വസ്തുതയാണെന്ന് മദ്രാസ് ഹൈക്കോടതി. അതേസമയം ഒരു വ്യക്തിക്കോ സംഘത്തിനോ ഒരാളെയും ജാതിയുടെ പേരിൽ ക്ഷേത്രത്തിൽ കയറുന്നതിൽ നിന്ന് തടയാനാകില്ലെന്നും കോടതി പറഞ്ഞു.
കരൂർ ജില്ലയിലെ ചിന്നധർമപുരത്ത് മാരിയമ്മൻ കോവിലിൽ 2018 ൽ കൊണ്ടുവന്ന നിരോധനം നീക്കണമെന്നും ക്ഷേത്രത്തിൽ ഉൽസവത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ‘വണ്ണിയാകുളച്ചത്തിരിയർ നല അരക്കട്ടളൈ’ എന്ന സംഘടനാ നേതാവ് മുരുകൻ നൽകിയ ഹർജിയിൽ തീർപ്പ് കൽപിക്കുകയായിരുന്നു ജസ്റ്റിസ് ബി. പുകഴേന്തി.
2018 മുതൽ ക്ഷേത്രം ജാതീയമായ സംഘർഷങ്ങളുടെ പേരിൽ അടഞ്ഞുകിടക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ ക്ഷേത്രം തുറക്കാൻ കഴിയാത്ത സ്ഥിതിയാണെന്നറിയിച്ച ജില്ലാ ഭരണകൂടത്തോട് ഒരു ക്ഷേത്രം ക്രമസമാധാനം നിയന്ത്രിക്കാനാവാത്തതിന്റെ പേരിൽ അടച്ചിടുന്നത് അധികൃതരുടെ കൃത്യനിർവഹണത്തിലുള്ള പരാജയമാണെന്ന് വിലയിരുത്തി.
‘സമാധാനം സ്ഥാപിക്കാനുള്ള മാർഗം ഒരിടത്തേക്ക് ആളുകളെ കയറുന്നത് തടയുക എന്നതാണോ പൊലീസ് ധരിച്ചുവച്ചിരിക്കുന്നത്’- ജസ്റ്റിസ് പുകഴേന്തി ചോദിച്ചു.
എല്ലാവർക്കും പ്രാർഥന നടത്താനുള്ള അവകാശവും ഒരാളെയും ജാതിയുടെ പേരിൽ മാറ്റി നിർത്താതിരിക്കാനുള്ള ഉത്തരവാദിത്തവും ഹിന്ദു റിലിജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പിന്റെയും സംസ്ഥാനത്തിന്റെയും ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് പുകഴേന്തി പറഞ്ഞു. വകുപ്പിനോട് റിപ്പോർട്ട് നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

