‘വഖഫിൽ കോടതി ഉത്തരവ് ആശ്വാസകരം,’ ആശങ്കകളെ ശരിവെക്കുന്നതെന്നും ഹാരിസ് ബീരാൻ എം.പി
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ ഉയർന്ന ആശങ്കകളെ ശരിവെക്കുന്നതാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവെന്ന് ഹാരിസ് ബീരാൻ എം.പി. അഞ്ചുവർഷം മുസ്‍ലിമായാൽ മാത്രമേ വഖഫ് ചെയ്യാനാവൂ എന്ന നിയമത്തിലെ സുപ്രധാന വ്യവസ്ഥ തന്നെ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അടിസ്ഥാന വ്യവസ്ഥ തന്നെ റദ്ദ് ചെയ്യപ്പെട്ടതോടെ നിയമത്തിൻറെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയാണെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ ഭൂമി കൈയേറിയതായി സംശയം തോന്നിയാൽ കലക്ടർക്ക് പരാതി നൽകുകയും സംശയം പ്രഥമദൃഷ്ട്യാ ശരിയെന്ന് തോന്നിയാൽ കലക്ടർക്ക് സ്ഥാപനം വഖഫ് അല്ലാതെയാക്കി മാറ്റാനും അനുവദിക്കുന്ന വ്യവസ്ഥയും സുപ്രീംകോടതി സ്റ്റേ ചെയ്തു. നടപടി കലക്ടറുടെ അധികാര പരിധിയിൽ പെടുന്നതല്ലെന്ന നിരീക്ഷണം ബന്ധപ്പെട്ട വ്യവസ്ഥ തന്നെ ഇല്ലാതാക്കുന്നതാണ്.
കാലാകാലങ്ങളായി വഖഫ് ആയി തുടരുന്ന സ്ഥാപനങ്ങൾ ഒരു സംശയത്തിൻറെ അടിസ്ഥാനത്തിൽ ഏകപക്ഷീയമായ വഖഫ് അല്ലാതെയാക്കി മാറ്റുന്നത് ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തൽസ്ഥിതി തുടർന്ന് വിഷയം പരിഗണിക്കുന്നതിന് പകരം വഖഫ് അല്ലാതെയാക്കി മാറ്റുന്നതിന് അനുവദിക്കുന്നതായിരുന്നു സ്റ്റേ ചെയ്യപ്പെട്ട വ്യവസ്ഥ.
വഖഫ് ബോർഡുകളിൽ മുസ്ലിം ഇതരവിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ കുറഞ്ഞത് രണ്ടുപേർ എന്നായിരുന്നു നിയമത്തിൽ പറഞ്ഞിരുന്നത്. എത്രയാളുകളെ വേണമെങ്കിലും ഇത്തരത്തിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്ന രീതിയിലുള്ളതായിരുന്നു നിയമം. എന്നാൽ ഇതിൽ സുപ്രീംകോടതി തിങ്കളാഴ്ച പരിധി നിർണയിച്ചു. ബോർഡുകളിൽ മുസ്ലിം ഇതരവിഭാഗത്തിൽ നിന്നുള്ളവർ ഭൂരിപക്ഷമാവാത്ത രീതിയിൽ ഈ അംഗത്വം കോടതി പുനഃർനിർണയിച്ചു. വഖഫ് ബോർഡിൽ പരമാവധി മൂന്നും വഖഫ് കൗൺസിലിൽ പരമാവധി നാലുമായി മുസ്‍ലിം ഇതര അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തി.
എല്ലാ നടപടിക്രമങ്ങളും അവസാനിക്കുന്നത് വരെ വഖഫ് ഭൂമിയുടെ സ്വഭാവം മാറ്റരുതെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇതോടെ, നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ ഭൂമി മൂന്നാംകക്ഷിക്ക് നൽകാനോ കേന്ദ്രസർക്കാരിന് ഏറ്റെടുക്കാനോ ആവില്ല. വഖഫ് സി.ഇ.ഒ ആയി പരമാവധി മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ള ആളെ വെക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിട്ടുണ്ട്.
ചരിത്രത്തിലില്ലാത്ത രീതിയിൽ പാർലമെന്റ് പാസാക്കിയ നിയമം ഇടക്കാല ഉത്തരവിലൂടെ സുപ്രീകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നിയമത്തെ എതിർത്ത് ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിക്കുന്നത് ആശ്വാസമാണ്. ചട്ടങ്ങൾ വരുന്നത് വരെയെന്നാണ് ഉത്തരവിന്റെ പ്രാബല്യമെന്നാണ് കോടതി പറഞ്ഞത്. ചട്ടങ്ങളിൽ കുഴപ്പമുണ്ടെങ്കിൽ അതും നിയമപരമായി പരിശോധിക്കുമെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

