മഹാരാഷ്ട്രയിൽ പിക്കപ്പ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു
text_fieldsകൊക്കയിലേക്ക് വീണ് തകർന്ന പിക്കപ്പ്
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ ചാന്ദ്ഷാലി ഘട്ടിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ എട്ട് പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമിതവേഗത്തിലെത്തിയ പിക്കപ്പ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. അസ്തംബ ദേവിക്ഷേത്ര തീർഥാടനത്തിന് ശേഷം മടങ്ങുകയായിരുന്ന യാത്രക്കാരാണ് വാനിൽ ഉണ്ടായിരുന്നത്. ചുരത്തിലെ വളവിൽ, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ പിക്കപ്പ് കൊക്കയിലേക്ക് മറിയുകായായിരുന്നു.
അപകടത്തിൽ വാഹനം പൂർണമായും തകർന്നു. വാഹനത്തിൽ കുരുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും എട്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി.
വാഹനം യാത്രാരംഭം മുതലേ അമിത വേഗത്തിലായിരുന്നെന്ന് പരിക്കേറ്റ യാത്രക്കാർ പൊലീസിനോട് പറഞ്ഞു. വളവിൽ അമിതവേഗത്തിൽ തിരിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. ചികിൽസയിലുള്ള പലരുടെയും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

